Advertisment

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരസഭയുടെ പ്രകൃതിയോടിണങ്ങിയുള്ള സ്വച്ഛതാ റാലി

222

പാലക്കാട് :സ്വച്ഛ് ഭാരത് മിഷന്റെ ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 യുടെ ഭാഗമായി പാലക്കാട് നഗരസഭ സ്വച്ഛതാ റാലി സംഘടിപ്പിച്ചു. ചേമ്പിൻതാളുകളിൽ അവർ കുറിച്ചു;നാടിനെ മാലിന്യത്തിൽ മുക്കരുത്.അതു വലിച്ചെറി‍ഞ്ഞു നാടിന്റെ, നഗരത്തിന്റെ സുഗന്ധം ഇല്ലാതാക്കരുത്.എന്നിട്ട് ആ ഇലത്താളുകളുമേന്തി ശുചിത്വ സന്ദേശം പകർന്നു വിദ്യാർഥികളും വീട്ടമ്മമാരും വ്യാപാരികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഹരിതകർമ സേനാംഗങ്ങളും ജനപ്രതിനിധികളും ഒത്തൊരുമിച്ച്  നടത്തിയ സ്വച്ഛതാറാലി നഗരത്തിനു വേറിട്ട  കാഴ്ചയായി.

Advertisment

രണ്ടായിരത്തോളം പേർ പങ്കെടുത്ത റാലിയിൽ ചേമ്പിൻ ഇലകളിലും പനമ്പട്ടയിലും മെടഞ്ഞെടുത്ത തെങ്ങിൻ പട്ടയിലുമൊക്കെയാണ് ശുചിത്വ സന്ദേശങ്ങൾ എഴുതി ഉയർത്തിപ്പിടിച്ചിരുന്നത്. അത്രമേൽ പ്രകൃതിയോടിണങ്ങിയായിരുന്നു സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ സ്വച്ഛതാ റാലി.നമ്മുടെ പുഴകളും കനാലും  തോടുകളുമെല്ലാം മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു.മാലിന്യ വിമുക്തമാക്കി നാടിനെ മാറ്റാൻ ബോധവൽക്കരണത്തിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും,ജാഗ്രതയുള്ളവരാകാനും പകർച്ച വ്യാധികളെ പ്രതിരോധിക്കാനും  കഴിയേണ്ടതുണ്ട്.

സ്വച്‌ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പാലക്കാട്ട് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത വിദ്യാർഥികൾ, നഗരസഭാ ടീമിന്റെ പേരായ ‘പാം സ്‌പ്രിങ്സ്’ തീർത്തു.

ചേമ്പിൻതാളുമേന്തിയുള്ള റാലി വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും ഏറെ കൗതുകവും പകർന്നു.ഒപ്പം നാടിന്റെ ശുചിത്വത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തോടെയാണ് കുട്ടികളടക്കമുള്ളവർ‍ മടങ്ങിയത്.മാലിന്യ മുക്ത പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഒക്ടോബർ 2 വരെ സ്വച്ഛത ഹി സേവ ക്യാംപെയ്ൻ നടത്തുന്നതിന്റെ കൂടി ഭാഗമായാണു നഗരസഭ ശുചിത്വ,ഹരിത റാലി നടത്തിയത്.

താരേക്കാട് നിന്നാരംഭിച്ച റാലി കോട്ടമൈതാനത്തു സമാപിച്ചു.തുടർന്നു നടന്ന ശുചിത്വ സമ്മേളനം നഗരസഭാധ്യക്ഷ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു.ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് പദ്ധതി വിശദീകരിച്ചു.സ്ഥിരം സമിതി അധ്യക്ഷൻമാരായ പ്രമീള ശശിധരൻ, ടി.ബേബി,മുതിർന്ന കൗൺസിലർ എൻ.ശിവരാജൻ, ഹെൽത്ത് സൂപ്പർവൈസർ ഇ.ടി.വിസ്മൽ, ജനപ്രതിനിധികൾ എന്നിവർ ജനകീയ ബോധവൽക്കരണം നേതൃത്വം നൽകി.

Advertisment