മണ്ണാർക്കാട് :വലിച്ചെറിയൽ മുക്ത നഗരം എന്ന ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഇന്ത്യൻ സ്വച്ഛത ലീഗിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മണ്ണാർക്കാട് നഗരസഭയിൽ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് സമാപനമായി.
മണ്ണാർക്കാട് മാസ്റ്റേഴ്സ് എന്ന പേരിൽ നഗരസഭ ടീമിനെ സജ്ജമാക്കുകയും നഗരസഭ ചെയർമാൻ മുഹമ്മദ് ബഷീർ ആരോഗ്യകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഷെഫീഖ് റഹ്മാൻ എന്നിവർ ചേർന്ന് മറ്റു കൗൺസിലർമാരുടെയും,ആരോഗ്യ വിഭാഗം പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മണ്ണാർക്കാട് മാസ്റ്റേഴ്സ് ടീം ലോഗോ പ്രകാശനം നിർവഹിച്ചതോടെ തുടക്കം കുറിച്ചു.
നജാത്ത് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് പൊതുജനങ്ങളുടെ ബോധവൽക്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഫ്ലാഷ് മോബ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫീക്ക് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.സൈക്കിൾ റാലിയും കൂട്ടയോട്ടവും ശ്രദ്ധേയമായി.
നൂറ് കണക്കിന് യുവാക്കളും വിദ്യാർത്ഥികളുമാണ് അണിനിരന്നത്.നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു.നെല്ലിപ്പുഴയിൽ നിന്നും തുടക്കം കുറിച്ച് കോടതിപ്പടിയിൽ ശുചിത്വ പ്രതിജ്ഞയോടെ അവസാനിച്ചു.ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.