സംസ്ഥാന എസ്.എം. സർവർ ഉർദു മെഗാ ക്വിസ്സിൽ പനമണ്ണ യു.പി. സ്കൂളിന് അഭിമാനമായി ബത്തൂൽ

New Update
1003363450

ഒറ്റപ്പാലം: പൊതുവിദ്യാലയങ്ങളിലെ ഉറുദു വിദ്യാർത്ഥികളുടെ സമഗ്ര ഗുണമേന്മ ലക്ഷ്യം വെച്ച്, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ഉർദു ടീച്ചേഴ്‌സ് അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന എസ്.എം. സർവർ ഉർദു മെഗാ ക്വിസ്സിൽ പനമണ്ണ യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ബത്തൂൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. കേരളത്തിലെ “ഉർദുവിന്റെ പിതാവ്” എന്ന് വിശേഷിപ്പിക്കുന്ന എസ്.എം. സർവറിന്റെ നാമധേയത്തിലാണ് ക്വിസ് മത്സരം നടന്നത്.

Advertisment

സ്കൂൾ, സബ്ജില്ലാ, ജില്ലാ തലങ്ങളിലെ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ശേഷമാണ് ബത്തൂൽ സംസ്ഥാനതലത്തിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടക്കാവ് നടന്ന സംസ്ഥാനതല മത്സരത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ചാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 30-ഓളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ബത്തൂൽ ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

ചെർപ്പുളശ്ശേരി സ്വദേശികളായ ആന്തൂർതൊടിയിൽ അബ്ദുൽ സലീം – ഷെറീന ദമ്പതികളുടെ മകളാണ് ബത്തൂൽ. മിസ്അബ് സഹോദരനാണ്.
 പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന ഈ മിടുക്കി, കഴിഞ്ഞ വർഷം കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ ഇഖ്ബാൽ ഉറുദു ടാലന്റ് ടെസ്റ്റിൽ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് നേടിയിരുന്നു. കൂടാതെ എൽ.എസ്.എസ്. നേട്ടവും ബത്തൂലിന് സ്വന്തമാണ്.

ബത്തൂലിന്റെ ഈ നേട്ടങ്ങൾക്ക് പിന്നിൽ സ്കൂളിലെ ഉർദു അധ്യാപകൻ മുഹമ്മദ് സ്വാലിഹിന്റെ മികച്ച പരിശീലനവും മാർഗനിർദ്ദേശവുമുണ്ട്. സ്വാലിഹിന്റെ ശിക്ഷണത്തിൽ മുൻ വർഷങ്ങളിലും പനമണ്ണ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാന ഉർദു മത്സരങ്ങളിലും സബ്ജില്ലാ - ജില്ലാ കലോത്സവങ്ങളിലും നിരവധി ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്

Advertisment