New Update
/sathyam/media/media_files/2025/11/13/screenshot_20251113_112544_youcut-video-editor-2025-11-13-19-22-38.jpg)
പാലക്കാട്: എഴുത്തുകാരി ബിന്ദു.പി.മേനോൻ രചിച്ച 'പരുമല നാഥൻ' പുതിയ ഭക്തി ഗാനം സമൂഹമാധ്യമങ്ങളിൽ കൂടി പ്രേക്ഷകരിലെത്തി.
Advertisment
ഒക്ടോബറിൽ പരുമല പെരുനാൾ കൊടിയേറിയ പുണ്യവേളയിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ സവിധത്തിൽ പ്രവാസിയായ രൂപേഷ് ജോർജ് സമർപ്പിച്ച ഈ ഗാനോപഹാരം മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്.
ബ്ലിസ്സ്റൂട്സ് മ്യൂസിക് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് ഗാനം പുറത്തുവന്നിരിക്കുന്നത്.ജീവിതത്തിൽ അദൃശ്യമായൊരു അനുഗ്രഹ സാന്നിധ്യമായി നിറയുന്ന പരുമല നാഥൻ എന്നും ഞങ്ങളെ നയിച്ചീടണേ എന്ന പ്രാർത്ഥനയാണ് ഈ ഗാനത്തിന്റെ പ്രമേയം.പരുമല പള്ളി അധികൃതർക്കും,പരുമല നിവാസികൾക്കും പ്രത്യേകം നന്ദിയും അറിയിച്ചിരിക്കുന്നു.
പാരിടമാകെ പ്രകാശം പരത്തുന്ന പരുമലതിരുമേനിയുടെ പ്രാർത്ഥന ആലംബഹീനർക്ക് വഴിദീപമാകണേ എന്ന് ഭക്തിപുരസ്സരം ഈ ഗാനത്തിൽ പാടിവച്ചിരിക്കുന്നു.
മലയാള സിനിമാപിന്നണിഗായകരടക്കം ഒരു വലിയ ടീം ഈ ഗാനത്തിന് പുറകിലുണ്ട് എന്നത് കൊണ്ടു തന്നെ അത്യാകർഷകമായി ആവിഷ്കരിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. പരുമലതിരുമേനിയുടെ പ്രാർത്ഥനാപുണ്യത്തിനായി അർത്ഥിക്കുന്ന ഈ വരികൾ എഴുതിയിരിക്കുന്ന ബിന്ദു പി.മേനോൻ മുമ്പും ഗാനരചനയിലൂടെ ശ്രദ്ധേയയായിട്ടുണ്ട്.
ബാംഗ്ലൂരിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ബിന്ദു,തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഭക്തിഗാന രചനക്കും മറ്റു സർഗാത്മക സാഹിത്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നു.
രഞ്ജിത്ത് ജയരാമൻ ആണ് വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്.
മൂന്ന് ചലച്ചിത്ര പിന്നണി ഗായകരാണ് ഈ ഗാനം പാടിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകൻ ഉണ്ണിമേനോൻ, അനന്തപുരിയുടെ സ്വന്തം ഗായകൻ മണക്കാട് ഗോപൻ, നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് നൽകിയ ഗണേഷ് സുന്ദരം.മലയാളത്തിന്റെ സ്വന്തം ബിജിബാലിന്റെ മകൻ ദേവദത്ത് ബിജിബാൽ ആണ് ഈ ഗാനത്തിന്റെ പ്രോഗ്രാമിങ്ങ് ചെയ്തിരിക്കുന്നത്. പിന്നണിഗായികമാരായ സംഗീത ശ്രീകാന്ത്,സൗമ്യ രാമകൃഷ്ണൻ എന്നിവരുടെ ശബ്ദവും ഈ ഗാനത്തോട് ചേർത്തുവെച്ചിരിക്കുന്നു.ദൃശ്യവിരുന്നൊരുക്കിയത് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സിനിമാട്ടോഗ്രാഫർ എബി രവീന്ദ്രയാണ്.
നന്മയുറ്റ ആത്മീയ ചിന്തകള്‍ക്കൊപ്പം സംഗീതത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.സാമൂഹിക മാധ്യമങ്ങളിലും മറ്റും മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.പ്രത്യാശയുടെ വെളിച്ചം പകരുന്ന, ഹൃദയഹാരിയായ അനുഭവം സമ്മാനിക്കുന്ന,ഈ വീഡിയോ സംഗീത ആൽബം കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.ബ്ലിസ്റൂട്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് പ്രധാനമായും ഇത് പ്രേക്ഷകരിലെത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us