/sathyam/media/media_files/2025/06/08/KRC4QxiNJs0MvrGr8J34.jpg)
പത്തനംതിട്ട: പത്തനംതിട്ടയിൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ അനിതകുമാരി അറിയിച്ചു.
ഈ വർഷം 63 സ്ഥിരീകരിച്ച കേസുകളും 20 സംശയാസ്പദ എലിപനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ സ്ഥിരീകരിച്ച ഒരു മരണവും രണ്ട് സംശയാസ്പദമരണവും ഉണ്ടായിട്ടുണ്ട്.
വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ, സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ , ശുചീകരണതൊഴിലാളികൾ, പാടത്തും ജലാശയങ്ങളിലും വിനോദത്തിനായി മീൻ പിടിക്കാനിറങ്ങുന്നവർ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നായ ഡോക്‌സി സൈക്ലിൻ 200 മില്ലിഗ്രാം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം.
ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലിന ജലവുമായി സമ്പർക്കത്തിൽ വരുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ 200 മില്ലി ഗ്രാം ഡോക്‌സി സൈക്ലിൻഗുളിക ആഴ്ചയിലൊരിക്കൽ ആറാഴ്ച വരെ കഴിക്കണം.
ജോലി തുടരുന്നുവെങ്കിൽ രണ്ട് ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഴിക്കണം. ഭക്ഷണം കഴിച്ചതിനു ശേഷം മാത്രം ഗുളിക കഴിക്കണം.
ഗുളിക കഴിച്ചശേഷം ചിലർക്കുണ്ടാകുന്ന വയറെരിച്ചിൽ ഒഴിവാക്കാൻ രണ്ട്ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ഗുളിക കഴിച്ച ശേഷം ഉടനേ കിടക്കരുത്. തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ ജോലിക്കിറങ്ങുന്നതിന്റെ തലേദിവസം ഗുളിക കഴിക്കണം.
എലിപ്പനി -പ്രതിരോധമാണ് പ്രധാനം
ശരീരത്തിൽ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവർ, പാദം വിണ്ടുകീറിയവർ, ഏറെ നേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവർ തുടങ്ങിയവരിൽ എലിപ്പനിക്ക് കാരണമാകുന്ന രോഗാണുവിന് പ്രവേശിക്കാൻ എളുപ്പമാണ്.
ശരീരത്തിൽ മുറിവുളളവർ ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന ജോലികൾ ചെയ്യാതിരിക്കുക.
ജോലി ചെയ്യേണ്ട സാഹചര്യം വന്നാൽ വ്യക്തിഗത സുരക്ഷാ മാർഗങ്ങളായ കയ്യുറ, കാലുറ എന്നിവ ധരിക്കുകയും ഡോക്‌സി സൈക്ലിൻ കഴിക്കുകയും വേണം.
വീടിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കുക. വിനോദത്തിനായി മീൻ പിടിക്കാൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കമുണ്ടായാൽ ഡോക്‌സി സൈക്ലിൻ ഗുളിക കഴിച്ച് എലിപ്പനിക്കെതിരായ മുൻകരുതൽ എടുക്കുക.
കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്.
തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവർ മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക.
കെട്ടിക്കിടക്കുന്ന വെളളത്തിൽ ഇറങ്ങേണ്ടി വന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക. ആഹാരവും കുടിവെള്ളവും എലി മൂത്രം കലർന്ന് മലിനമാകാതെ മൂടിവെക്കുക.
മഴക്കാലത്ത് ഏതു പനിയും എലിപ്പനി ആകാമെന്നതിനാൽ കൂടുതൽ ശ്രദ്ധ വേണം. കടുത്ത പനി, തലവേദന , ക്ഷീണം, ശരീര വേദന , കാൽവണ്ണയിലെ പേശികളിൽ വേദന , കണ്ണിന് മഞ്ഞനിറം എന്നിവ ഉണ്ടായാൽ സ്വയംചികിൽസ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം.
മലിനജലവുമായി സമ്പർക്കം വന്നിട്ടുണ്ടെങ്കിൽ ഡോക്ടറോട് പറയണം. ഇത് രോഗനിർണയം കൂടുതൽ എളുപ്പമാക്കും.
കുട്ടികളെ മലിനജലത്തിൽ കുളിക്കാനോ കളിക്കാനോ അനുവദിക്കരുതെന്നും മഴക്കാലമായതിനാൽ മറ്റ്പകർച്ചവ്യാധികൾക്കെതിരെയും ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.