കെബിഎഫ് ഇൻവിറ്റേഷൻസ്: കെനിയയുടെയും കൊച്ചിയുടെയും മനുഷ്യരൂപങ്ങള്‍ ക്യാന്‍വാസില്‍ സമന്വയിപ്പിച്ച് പീറ്റേഴ്സണ്‍ കംവാത്തി

New Update
PHOTO 1 (1)

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) നടത്തുന്ന 'ഇൻവിറ്റേഷൻസ്' കലാപ്രദര്‍ശനത്തിന്റെ ഭാഗമായി കെനിയൻ കലാകാരൻ പീറ്റേഴ്സൺ കംവാത്തി ഒരുക്കുന്ന 'സ്ക്രീ' (Scree) എന്ന പ്രദർശനത്തില്‍ രചനാവിഭാഗത്തില്‍ കെനിയ, കൊച്ചി എന്നിവിടങ്ങളിലെ മനുഷ്യരൂപങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.  ഓർമ്മകൾക്ക് ഒരിക്കലും മരണമില്ലെന്നും അവ മനുഷ്യരിലൂടെയും രാഷ്ട്രീയത്തിലൂടെയും പാരമ്പര്യങ്ങളിലൂടെയും നിലനിൽക്കുന്നുവെന്നും ഈ സൃഷ്ടി വിളിച്ചു പറയുകയാണ്.

ഫോര്‍ട്ട്കൊച്ചി ഡേവിഡ് ഹാളിലെ ചുവരുകളിൽ ചാർക്കോളിലും പാസ്റ്റലിലുമാണ് കഥപറയുന്ന മനുഷ്യരൂപങ്ങളുള്ളത്. നെയ്‌റോബി കണ്ടെംപററി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടുമായി (എൻസിഎഐ) സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഈ പ്രദർശനം, കൊച്ചി മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായാണ് നടക്കുന്നത്.

ചുവരിലെ ഓരോ രൂപവും ഓർമ്മകളുടെ ശരീരഘടനയെന്നാണ് (Anatomy of memories) കലാകാരൻ വിശേഷിപ്പിക്കുന്നത്. ഓരോ മനുഷ്യരൂപത്തിന്റെ നോട്ടം, നിൽപ്പ്, വസ്ത്രധാരണം, വികാരങ്ങൾ എന്നിവയെ ചരിത്രവും സമകാലിക സംവാദങ്ങളുമായും പ്രതീകവത്കരിച്ചിരിക്കുന്നു. ചുവരിലെ ചിത്രങ്ങൾക്ക് പുറമെ, തറയിൽ പ്രദർശിപ്പിച്ചിരിക്കുന്ന തിളക്കമുള്ള വിനൈൽ ബിൽബോർഡുകളുടെ ശിൽപ്പങ്ങൾ പുരാതന-വർത്തമാനകാലത്തെ വ്യാപാര-യാത്രാ ബന്ധങ്ങളെ ഓർമ്മിപ്പിക്കുന്നു.

Advertisment

PHOTO 2



മനുഷ്യരൂപങ്ങൾ വരയ്ക്കുന്നതാണ് ഏറെ ആസ്വദിക്കുന്നതെന്ന് പീറ്റേഴ്സൺ കംവാത്തി പറഞ്ഞു. കിഴക്കൻ ആഫ്രിക്കൻ തീരവും കൊച്ചിയും തമ്മിലുള്ള ദീർഘകാല ബന്ധത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കലാസൃഷ്ടി. കൊച്ചിയിൽ നിന്ന് ശേഖരിച്ച പഴയ വിനൈൽ ഷീറ്റുകൾ ഉപയോഗിച്ചാണ് അദ്ദേഹം ശിൽപ്പങ്ങൾ ഒരുക്കിയിരിക്കുന്നത്.

സമകാലിക സമൂഹത്തിലെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഘടകങ്ങളെയാണ് പീറ്റേഴ്സൺ സൃഷ്ടികളിലൂടെ വിശകലനം ചെയ്യുന്നതെന്ന് എൻ.സി.എ.ഐ ക്യൂറേറ്റർ ഡോൺ ഹാൻഡ പറഞ്ഞു. കെനിയയിലെയും കൊച്ചിയിലെയും മനുഷ്യരെയും ജീവിതരീതികളെയും നിരീക്ഷിച്ചാണ് വലിയ ക്യാൻവാസുകളിൽ വരിനിൽക്കുന്ന മനുഷ്യരുടെ രൂപങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

നെയ്‌റോബി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമായ എൻ.സി.എ.ഐ 2022-ലാണ് ആരംഭിച്ചത്. ഇതിനകം അറുപതിലധികം കലാകാരന്മാർക്കായി പത്തില്‍പരം പ്രദർശനങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു. കിഴക്കൻ ആഫ്രിക്കൻ കലാസമൂഹത്തിന് ഊര്‍ജ്ജം പകരാന്‍ കൊച്ചി ബിനാലെ ഫൗണ്ടേഷൻ നൽകിയ അവസരം സഹായിച്ചുവെന്നും ഡോണ്‍ ഹാന്‍ഡ പറ‍ഞ്ഞു.

Advertisment