/sathyam/media/media_files/2025/08/20/8588f848-20d8-4897-93ca-164220a2bf98-2025-08-20-14-42-03.jpg)
പാലക്കാട് :തൃത്താലയിൽ വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന വധ ശ്രമ കേസ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. ആഗസ്റ്റ് നാലിന് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്.
സംഘർഷത്തിൽ സുൽത്താൻ റാഫി എതിർ സംഘത്തിലെ ഒരാളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതായി പരാതിയുണ്ടായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഒടുവിൽ,മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയ പോലിസ് സുൽത്താൻ റാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മച്ചിൻ്റെ ഉള്ളിൽ നിന്ന് ശബ്ദം കേട്ടത്. തുടർന്ന് പോലീസ് മുകളിലേക്ക് കയറി പരിശോധിച്ചപ്പോഴാണ് സുൽത്താൻ റാഫി ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്.
ഇയാൾക്കെതിരെ തൃത്താല, ചാലിശ്ശേരി, ചങ്ങരംകുളം പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് പട്ടാമ്പി കോടതിയിൽ ഹാജരാക്കും.