പാരമ്പര്യം പരിരക്ഷിച്ച് പൊന്നാനി; ശബരിമല ഇടത്താവളത്തിലേക്കുള്ള അരി വിതരണം ഉദ്‌ഘാടനം ചെയ്ത് ഉസ്താദ്

New Update
c1e5a333-ad28-4b85-876c-a996a61f5876

പൊന്നാനി:   മത സൗഹാർദവും സഹിഷ്ണുതയും  ഉയർത്തിപ്പിടിച്ച പാരമ്പര്യമാണ് പൊന്നാനിയുടേത്.  ഹൈന്ദവ - ഇസ്‌ലാം വിശ്വാസികളുടെ പ്രസിദ്ധമായ കേന്ദ്രങ്ങളും അവരിലെ പ്രശസ്ത വ്യക്തികളും കൊണ്ട് സമ്പന്നമായ പൊന്നാനിയുടെ ചരിത്രം  ഇപ്പോഴും ആ വഴിയേ തന്നെ ഗമിക്കുന്നുവെന്നത്  ഈ പ്രദേശത്തിന്റെ  പുണ്യം - അതും  വിദ്വേഷം  തിമിർക്കുന്ന  കാലത്തെ കുളിർവർഷമായി.

Advertisment

പൊന്നാനിയിൽ പണിപൂർത്തിയായ  എൻ എച് 66 ന്റെ വശത്തുള്ള  പുരാതനമായ കണ്ട കുറുമ്പകാവ്  ക്ഷേത്രത്തോട്  ചേർന്ന്  സജ്ജമാക്കിയ ശബരിമല ഇടത്താവളത്തിലാണ്  ആ പൊന്നാനി സ്റ്റോറി വീണ്ടും തേജോമയമായത്.   ഇടത്താവളത്തിലേക്കുള്ള  അരിച്ചാക്കുകളുടെ  കൈമാറ്റം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കൂടിയായ  ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ നിർവഹിച്ചു.  ചടങ്ങിൽ  മുൻ പാർലമെന്റംഗം  സി ഹരിദാസ് അധ്യക്ഷത വഹിച്ചു.

പതിറ്റാണ്ടുകളായി  ശബരിമല സീസൺ ആയാൽ  കുറ്റിപ്പുറം പാലത്തിനോട് ചേർന്നുള്ള  ക്ഷേത്രത്തിൽ    പ്രവർത്തിക്കാറുള്ള  ഇടത്താവളം  ദേശീയ പാത വന്നതോടെ  സ്വാമിമാരുടെ  സൗകര്യം കണക്കിലെടുത്ത്  ഇത്തവണ  പൊന്നാനി കണ്ട കുറുമ്പകാവ്  ക്ഷേത്ര  പരിസരത്തേക്ക്  മാറ്റുകയായിരുന്നു.    മതസൗഹാർദവും മതേതരമായ  സാമൂഹിക ഇടപെടലുകളും  ഉയർത്തിപ്പിടിക്കുകയെന്നതാണ്  തന്റെ ലക്ഷ്യമെന്നും  മതേതര മൂല്യങ്ങൾ ശക്തമായി നിലനിർത്തുന്ന മണ്ണാണ് പൊന്നാനിയെന്നും  പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട്  ഉസ്താദ്  വ്യക്തമാക്കി.     

ശൈഖ് സൈനുദ്ധീൻ  മഖ്‌ദൂം, സാമുതിരിപ്പാട്,  കേരളത്തിന്റെ  സാഹിത്യ - സാംസ്കാരിക ചരിത്രത്തിലെ അഗ്രഗണ്യനായ  നിരവധി ഹിന്ദു - മുസ്ലിം  വ്യക്‌തിത്വങ്ങൾ  എന്നിവരുടെ  സംഭാവനകളിലൂടെ  പൊന്നാനിയിൽ ഇന്നും നിലനിൽക്കുന്ന  മതസഹിഷ്ണുതയുടെ  ഭാഗമാകാൻ കഴിഞ്ഞതിൽ  അഭിമാനമുണ്ടെന്നും  അദ്ദേഹം തുടർന്നു. 

പൊന്നാനി  മുഹ്‌യുദ്ധീൻ പള്ളി ഖത്തീബ് ഇസ്മായിൽ അൻവരി, മുജീബ്,  അരവിന്ദാക്ഷൻ, ഉബൈദ്, കുമാരൻ മാസ്റ്റർ, പി സദാനന്ദൻ, മധു, പി പ്രശാന്ത്, അമ്മുക്കുട്ടി, കെ രാജീവ്, കടവനാട് വാസുദേവൻ എന്നിവർ  ഉൾപ്പെടെ നിരവധി  പേർ  ശബരിമല ഇടത്താവളത്തിലേക്കുള്ള  അരി വിതരണ പരിപാടിയിൽ  പങ്കാളികളായി.

Advertisment