സിനിമ എന്ന തൊഴിലിടം കൂടുതൽ സുരക്ഷിതമാക്കാൻ ഈ മേഖലയിലെ സ്ത്രീ സാന്നിധ്യം വർധിപ്പിക്കണം: ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസ്‌

New Update
sharadha muraleedharan

തിരുവനന്തപുരം: സിനിമ എന്ന തൊഴിലിടം കൂടുതൽ സുരക്ഷിതമാക്കാൻ ഈ മേഖലയിലെ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുകയാണ് വേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസ്‌ അഭിപ്രായപ്പെട്ടു. വനിതകൾക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായ പ്രായോഗിക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.   


Advertisment

സ്ത്രീ പ്രതിനിധ്യം കുറഞ്ഞ മേഖലകളിൽ അത് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തി വരുകയാണ്. സ്ത്രീകൾ കടന്നു വരുമ്പോൾ ഏത് തൊഴിലന്തരീക്ഷവും മാറുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.


 തിരുവനന്തപുരം ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഏപ്രിൽ രണ്ടു മുതൽ ആറുവരെ നടക്കുന്ന പ്രായോഗിക പരിശീലന ശിൽപശാലയുടെ ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. 


സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്, സാംസ്‌കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരന്‍, ക്യാമ്പ് ഡയറക്ടര്‍ കുക്കു പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.


 തുടർന്ന് അഡ്വ.ജെ. സന്ധ്യ തൊഴിലിടത്തിലെ നിയമ പരിരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടത്തി. മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

women cinima parisheelanam

ശ്രീകല എസ്, അനാമിക അശോക്, (പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്), ജൂലിയ ജി (ലൈറ്റിംഗ്), കവിത ഭാമ, ദിവ്യ കെ.ആര്‍ (ആര്‍ട്ട് ആന്റ് ഡിസൈന്‍), പൂജ എസ് കുമാര്‍, ജിഫി വിജയ് (കോസ്റ്റ്യൂം), രേഷ്മ എം,  റിംന പി (മേക്കപ്പ്), സാനിയ എസ്, ശാന്തികൃഷ്ണ (പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍) , ധന്യ വി നായര്‍, നിവ്യ വി.ജി (മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി) എന്നിവരാണ് പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നത്.
 ഛായാഗ്രാഹകരായ അഴകപ്പന്‍, ഫൗസിയ ഫാത്തിമ, മേക്കപ്പ് മാന്‍ പട്ടണം റഷീദ്, കലാസംവിധായകന്‍ ബാവ, കോസ്റ്റ്യൂം ഡിസൈനര്‍ ഫെമിന ജബ്ബാര്‍, എഡിറ്റര്‍ അപ്പു ഭട്ടതിരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, മഞ്ജു ഗോപിനാഥ്, സീതാലക്ഷ്മി തുടങ്ങിയവര്‍ ക്‌ളാസെടുക്കും.


കേരള നോളജ് ഇക്കോണമി മിഷന്റെയും കെ എസ്‌.എഫ്.ഡി.സി യുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  ചലച്ചിത്രമേഖലയില്‍ തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള വനിതകളെ നിശ്ചിത മാനദദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുത്തത്്. ചലച്ചിത്ര അക്കാദമി, നോളജ് ഇക്കോണമി മിഷന്‍, ലേബര്‍ കമ്മീഷണറേറ്റ് എന്നിവയിലെ പ്രതിനിധികളടങ്ങുന്ന സമിതി അപേക്ഷകരില്‍നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യഘട്ടമായ ഓറിയന്റേഷന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.


  2024 സെപ്റ്റംബര്‍ 27,28,29 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ക്യാമ്പില്‍ 30 വനിതകള്‍ പങ്കെടുത്തിരുന്നു. ഈ ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏഴുവിഭാഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 13 പേര്‍ക്കാണ് അതത് മേഖലകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നത്. പരിശീലന കാലയളവില്‍ ചലച്ചിത്ര അക്കാദമി മുഖേന നിശ്ചിത തുക സ്‌റ്റൈപ്പന്റ് അനുവദിക്കും. പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും.

Advertisment