പഠിച്ച കലാലയത്തിൽ പ്രിൻസിപ്പൽ; ആലപ്പുഴ മെഡിക്കൽ കോളേജിന്റെ 38-മത്തെ പ്രിൻസിപ്പൽ ആയി മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഡോ ബി പദ്മ കുമാർ നിയമിതനായി

New Update
Dr. B. Padma Kumar

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിന്റെ 38-മത്തെ പ്രിൻസിപ്പൽ ആയി മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഡോ ബി പദ്മ കുമാർ നിയമിതനായിരിക്കുന്നു. ഡോ ലൈല, ഡോ. ജയലേഖ,ഡോ ശ്രീദേവി എന്നീ ഡോക്ടർമാരാണ് ഇതിന് മുമ്പ് പ്രിൻസിപ്പൽ ആയിട്ടുള്ള പൂർവ വിദ്യാർഥികൾ. 

Advertisment

1983ൽ കേരള സർവകലാ ശാലയിൽ നിന്നും ബി എസ് സി സുവോ ളജിയിൽ ഒന്നാം റാങ്ക്  1990 ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് സ്വർണമെഡലോടെ എം ബി ബി എസ് ബിരുദം. 


1995 ൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഔറൻഗാബാദിൽ നിന്നും ഒന്നാം റാങ്കോടെ എം ഡി. 2016 ൽ കേരള സർവകലാശാലയിൽ നിന്നും മെഡിസിനിൽ പി എച്ച് ഡി. ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും റുമറ്റോളജിയിൽ ഫെല്ലോഷിപ്പും കേംബ്രിഡ്ജിൽ നിന്നും വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്. 


കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലായി 30 വർഷത്തെ അധ്യാപന പരിചയം. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, കോന്നി മെഡിക്കൽ കോളേജുകളിൽ മെഡിസിൻ വിഭാഗം പ്രൊഫസറും തലവനും ആയിരുന്നു. 

2005-08ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്നു. 2024 മുതൽ കൊല്ലം മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ.  ഏറ്റവും നല്ല ഡോക്ടർക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ പുരസ്‌കാരം. കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂറ്റിന്റെ ഈ വർഷത്തെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള  പുരസ്‌കാരം ഡോ ബി പദ്മകുമാറിന്റ പാഠം ഒന്ന് ആരോഗ്യം എന്ന പുസ്തകത്തിന് ലഭിച്ചു. 

വൈദ്യ ശാസ്ത്ര സാഹിത്യ മേഖലയിൽ മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി ആനുകാലികങ്ങളിൽ ഹെൽത്ത്‌ കോളമിസ്റ്റാണ്. ഡിസി ബുക്സ് മൂന്നു വോല്യങ്ങളായി പുറത്തിറക്കിയ സർവ രോഗ വിജ്ഞാന കോശത്തിന്റ ജനറൽ എഡിറ്റർ ആയിരുന്നു. 


കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ ഗസ്റ്റ്‌ എഡിറ്റർ ആയിരുന്നപ്പോൾ നൂറോളം വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. ഏറ്റവും നല്ല വൈദ്യശാസ്ത്ര ഗ്രന്ഥത്തിനുള്ള 2010 ലെ കേശവദേവ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വർഷമായി ആനുകാലികങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും സ്ഥിരമായി ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു. 


പഠിച്ച 5 വർഷവും മെഡിക്കൽ കോളേജിലെ കലാ പ്രതിഭ ആയിരുന്നു.  ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്ററിന്റ പ്രസിഡന്റ്‌, ഐ എം എ എത്തിക്കൽ കമ്മിറ്റി മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 

അച്ഛൻ സഹകരണ വകുപ്പിൽ ഡെപ്യൂട്ടി രജിസ്റ്റാർ ആയിരുന്ന പരേതനായ കെ പി ബാലസുന്ദരം. അമ്മ വി സി ഭാനുമതി അമ്മ. പേരൂർക്കട ഇ എസ് ഐ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ മീര യാണ് ഭാര്യ. ചരിത്രത്തിൽഗവേഷണ വിദ്യാർത്ഥി കാർത്തിക് മകനും.

Advertisment