കാപ്പി കർഷകർക്കായി പ്രിയങ്കാ ഗാന്ധി ; കാപ്പി കൃഷി പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ ഉൾപ്പെടുത്തണമെന്ന് വയനാട് എം.പി ; ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയലിന് പ്രിയങ്ക ഗാന്ധി എം.പി കത്ത് നൽകി

New Update
priyanka gandhi

കല്പറ്റ: കാപ്പി കൃഷിയെ കാർഷികവിളകളുടെ ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ പദ്ധതിയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയലിന് പ്രിയങ്ക ഗാന്ധി എം.പി. കത്ത് നൽകി. വയനാട്ടിൽ കാപ്പി കർഷകരുമായി പ്രിയങ്ക ഗാന്ധി എം.പി. നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്ന പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. 

Advertisment

പ്രതികൂല കാലാവസ്ഥയിൽ വിളനാശം സംഭവിക്കുന്നവർക്ക് അർഹമായ നഷ്ട പരിഹാരം ഇതിലൂടെ ഉറപ്പാക്കാൻ കഴിയും. ഇത് സംബന്ധിച്ച നിർദ്ദേശം കോഫി ബോർഡ് മന്ത്രാലയത്തിന് നല്കിയിട്ടുള്ളതായും അവർ കത്തിൽ ചൂണ്ടിക്കാണിച്ചു  ചെങ്കുത്തായി കിടക്കുന്ന ഭൂപ്രദേശത്ത് ഡ്രിപ് ഇറിഗേഷനായി നൽകുന്ന സബ്‌സിഡി പര്യാപ്തമല്ലാത്ത സാഹചര്യമുണ്ട്. 

കാപ്പി ചെടികൾ റീപ്ലാന്റ് ചെയ്യുന്നതിനായി നൽകുന്ന സബ്‌സിഡി നിലവിൽ ചെടികൾ മുഴുവനായി പിഴുത് മാറ്റുന്നതിന് മാത്രമാണ് ലഭിക്കുന്നതെന്നും ഗ്രാഫ്റ്റിങ് ഉൾപ്പടെയുള്ള പുതിയ രീതികൾക്കും ഈ സബ്‌സിഡി നൽകണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.  ഒട്ടേറെ ആദിവാസി വിഭാഗത്തിൽ പെട്ട കർഷകർ ഉള്ള വയനാട്ടിൽ നൽകുന്ന സബ്‌സിഡിയുടെ ഉയർന്ന പരിധി ജലസേചനത്തിനുൾപ്പടെയുള്ള പുതിയ കൃഷി രീതികളിൽ നിക്ഷേപം നടത്തുന്നതിൽ വലിയ തടസ്സമുണ്ടാക്കുന്നുണ്ട്.  

ഈ ഉയർന്ന പരിധി കർഷകർക്ക് പ്രായോഗികമായി ഗുണം ചെയ്യുന്ന നിലയിൽ പുനർനിശ്ചയിക്കണമെന്നും അവർ മന്ത്രിയോട് ആവശ്യമുന്നയിച്ചു. ഉന്നത ഗുണനിലവാരമുള്ള കാപ്പി ഉദ്പാദിപ്പിക്കുന്നതിനു അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുള്ള വയനാട്ടിലെ കർഷകർക്ക് ഉദ്പാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയുന്ന രീതിയിൽ സർക്കാർ പദ്ധതികൾ പരിഷ്കരിക്കാൻ മന്ത്രി മുൻകൈ എടുക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ അഭ്യർത്ഥിച്ചു.

Advertisment