/sathyam/media/media_files/2025/10/18/bank-ranni-2025-10-18-19-40-42.jpg)
പത്തനംതിട്ട: റാന്നി- പെരുനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നിക്ഷേപകർ രംഗത്ത്. അടിയന്തര ആവശ്യങ്ങൾക്കായി പണം പിൻവലിക്കാൻ എത്തുന്നവർക്ക് പോലും ബാങ്ക് അധികൃതർ പണം നൽകാതെ മടക്കി അയക്കുകയാണെന്നാണ് പ്രധാന ആരോപണം. ഇതോടെ നിരവധി സാധാരണക്കാരും പ്രായമായവരും ഉൾപ്പെടെയുള്ള നിക്ഷേപകർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട്, നിക്ഷേപകരുടെ ആശങ്കകൾ പങ്കുവെക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തങ്ങളുടെ ജീവിതാവസാനത്തെ സമ്പാദ്യം വരെ ബാങ്കിൽ വിശ്വസിച്ച് ഏൽപ്പിച്ചതാണെന്നും ഇപ്പോൾ ചികിത്സയ്ക്കും മറ്റ് അടിയന്തര കാര്യങ്ങൾക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും നിക്ഷേപകർ വീഡിയോയിലൂടെയും മറ്റും പരാതിപ്പെടുന്നു.
ബാങ്കിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് നിക്ഷേപകർക്കിടയിൽ കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്. പണം എപ്പോൾ തിരികെ നൽകാൻ സാധിക്കുമെന്നതിനെക്കുറിച്ച് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
വിഷയത്തിൽ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്നും, നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്നും, ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.