ചാലക്കുടി: മനുഷ്യവകാശങ്ങൾ നേടിയെടുക്കാൻ വിവരങ്ങൾ അറിഞ്ഞേ മതിയാകൂ എന്നും വിവരാവകാശനിയമം ശക്തിപ്പെട്ടാൽ മനുഷ്യാവകാശങ്ങളുടെ ലംഘനം കുറയുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീം പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാര സംരക്ഷണ കേന്ദ്രത്തിൻറെ അഭിമുഖ്യത്തിലുള്ള 'വിവരാവകാശം മനുഷ്യാവകാശ സംരക്ഷണത്തിന്'എന്ന കാമ്പയിൻറെ സംസ്ഥാനതല ഉദ്ഘാടനം ചാലക്കുടിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ നാലുവഴിക്കും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനിടെ നിയമം ദുരൂപയോഗം ചെയ്യുന്നവർ യഥാർത്ഥ മനുഷ്യാവകാശ വിവരാവകാശ പ്രവർത്തകർക്ക് ശത്രുക്കളെയാണ് നേടിക്കൊടുക്കുന്നതെന്ന് തിരിച്ചറിയണം.
ഈ രണ്ടു നിയമങ്ങളെയും ശക്തിപ്പെടുത്തുന്നതിൽ ആക്ടിവിസ്റ്റുകൾ വലിയ സേവനങ്ങൾ ചെയ്തിട്ടുണ്ട്.എന്നാൽ ഈ രംഗത്തെ പതിരുകളെ തിരിച്ചറിഞ്ഞ് നിരുത്സാഹപ്പെടുത്തണമെന്നും കമ്മിഷണർ അഭിപ്രായപ്പെട്ടു.
ജനപ്രതിനിധികൾ തെരഞ്ഞെടുപ്പിൽ എന്നപോലെ രാജിവെക്കുമ്പോഴും പിരിഞ്ഞുപോകുമ്പോഴും ആസ്ഥി വിവരങ്ങൾ പരസ്യമാക്കുന്നത് നല്ലതാണ് . ഉദ്യോഗസ്ഥരുടെ വാർഷിക ആസ്ഥി പ്രഖ്യാപനം വേണ്ടിവന്നാൽ പ്രസിദ്ധീകരിക്കാവുന്നതാണെന്നും വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം പറഞ്ഞു.
വിവരാവകാശ നിയമ സേവനങ്ങൾ ഓഡിറ്റിന് വിധേയമാക്കണമെന്ന് എറണാകുളം ഉപഭോക്തൃ കോടതി പ്രസിഡൻറ് ഡി.ബി. ബിനു പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രതപുലർത്തണമെന്നും അവ മനുഷ്യാവകാശ കമ്മിഷൻറെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ പി.മോഹനദാസ് അഭിപ്രായപ്പെട്ടു.
പ്രസിഡൻറ് അഡ്വ. സി. ശിവരാജൻ അധ്യക്ഷനായി. സെക്രട്ടറി ജോയ് കൈതാരത്ത്,
ജോസഫ് സി. മാത്യു, പ്രൊഫ. കെ.ബി വേണുഗോപാൽ, ആർ മുരളീധരൻ, എം.ജി ബാബു, രുഗ്മിണി ശശികുമാർ എന്നിവർ സംസാരിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു.