/sathyam/media/media_files/2025/12/22/fd4a65ca-7cab-41a9-8086-9ecc9d28f072-2025-12-22-17-07-03.jpg)
പൊന്നാനി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയായ കേരള മുസ്‌ലിം ജമാഅത്തിന്റെ കേരളയാത്ര "മനുഷ്യർക്കൊപ്പം" എന്ന ശീർഷകത്തിൽ 2026 ജനുവരി ഒന്ന് മുതൽ 17 കൂടിയ ദിവസങ്ങളിൽ കാസർഗോഡ് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുകയാണ്.
സുൽത്താനുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരളയാത്രയുടെ പ്രചാരണാർഥം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലായാത്ര ഈ മാസം 24 ചൊവ്വാഴ്ച പൊന്നാനിയിൽ നിന്നാരംഭിക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡൻ്റ് കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയാണ് യാത്രാനയകൻ.
24 ന് വൈകുന്നേരം മൂന്ന് മണിക്ക് പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സോൺ പ്രസിഡൻ്റ് സയ്യിദ് സീതിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് ഹബീബ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഐ പി ബി ഡയറക്ടർ മജീദ് അരിയല്ലൂർ പ്രമേയപ്രഭാഷണം നടത്തും.
സയ്യിദ് സലാഹുദ്ദീൻ ബുഖാരി, ഊരകം അബ്ദുറഹ്മാൻ സഖാഫി, ഉസ്താദ് കെ എം മുഹമ്മദ് ഖാസിംകോയ, അശ്റഫ് ബാഖവി അയിരൂർ, സിദ്ദീഖ് അൻവരി, സുബൈർ ബാഖവി, ശഫീഖ് അഹ്‌സനി തുടങ്ങി സംഘടനാ നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സംബന്ധിക്കും.
ഇതിന്റെ ഭാഗമായി ഡിസംബർ 22, 23 തീയതികളിൽ പൊന്നാനി സോൺ സംഘാടക സമിതി നടത്തുന്ന സന്ദേശയാത്ര പുറങ്ങ്, പാലപ്പെട്ടി എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് അറുപത് യൂണിറ്റ് കേന്ദ്രങ്ങളിൽ പര്യടനം നടത്തി സമ്മേളന നഗരിയിൽ സമാപിക്കും.
സയ്യിദ് സീതിക്കോയ തങ്ങൾ, ഉസ്താദ് കെ എം മുഹമ്മദ് ഖാസിംകോയ, അശ്റഫ് ബാഖവി, സിദ്ദീഖ് അൻവരി, അലി സഅദി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us