/sathyam/media/media_files/2025/09/08/kozhikod-cheruvannur-ofc-march-2025-09-08-21-03-47.jpg)
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ അന്തിമ വോട്ടർ പട്ടിക പുറത്തിറങ്ങിയപ്പോൾ ഡിവിഷൻ 47 ചെറുവണ്ണൂർ വെസ്റ്റിൽ പട്ടികയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ക്രമക്കേടിലൂടെ വോട്ടർ പട്ടികയിൽ കടന്നുകൂടിയ 147 വോട്ടുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കോഴിക്കോട് കോർപ്പറേഷൻ കമ്മിറ്റി ചെറുവണ്ണൂർ നല്ലളം മേഖല ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കൃതൃിമത്വത്തിന് കേസ് കൊടുത്ത വെൽഫെയർ പാർട്ടി സ്ഥാനാർഥി ഖയ്യൂമിൻ്റെ വിജയം തടഞ്ഞുവെന്ന പരാതി നിലവിലുള്ള വിവാദസ്ഥലത്തു തന്നെയാണ് ഈ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കോർപ്പറേഷൻ പ്രസിഡൻറ് എം എ ഖയ്യൂം അധ്യക്ഷത വഹിച്ചു ആർഎംപിഐ ജില്ലാ കമ്മറ്റിയംഗം ടി ഷംനാസ്, ടി സി സജീർ , നിസാർ മീഞ്ചന്ത, മുഹമ്മദ് സമീർ അരീക്കാട്, സുഫീറ എരമംഗലം, താസിം റഹ്മാൻ ബസാർ എന്നിവർ സംസാരിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിച്ചില്ലായെങ്കിൽ ശക്തമായ ജനാധിപത്യ പോരാട്ടവുമായി വെൽഫെയർ പാർട്ടി മുന്നോട്ടുപോകുമെന്ന് മാർച്ച് മുന്നറിയിപ്പു നൽകി. ഇസ്മായിൽ പാലക്കണ്ടി,മുഹമ്മദ് നിഹാസ് , വി.പി.ബഷീർ,ഷിയാസ് എ ,അനൂപ് സി വി,ഷാഹിൻ ഷാ നല്ലളം. ബാബു .പി, എന്നിവർ നേതൃത്വം നൽകി