New Update
/sathyam/media/media_files/2025/10/04/markaz-iti-2025-10-04-18-17-32.jpg)
കോഴിക്കോട്: വിവിധ നൈപുണികളിൽ കൃത്യമായ പരിശീലനവും വൈദഗ്ധ്യവും നേടുന്നത് മഹത്തായ കർമമാണെന്നും നിപുണനായ മനുഷ്യരുടെ സാന്നിധ്യമാണ് സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കുകയെന്നും പിടിഎ റഹീം എംഎൽഎ. മർകസ് ഐടിഐയിൽ നിന്ന് 2024-25 അധ്യയന വർഷം പഠനം പൂർത്തിയാക്കി വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാർഥികൾക്കുള്ള കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്ഥാപിതകാലം മുതൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന മർകസ് മാനേജ്‌മെന്റ് പ്രത്യേക പ്രശംസയർഹിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന സനദ്‌ദാന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
29-ാമത് എൻ.സി.വി.ടി ബാച്ചിൽ നിന്നും മെക്കാനിക്ക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്ക്, വയർമാൻ, സർവെയർ തുടങ്ങിയ ട്രേഡുകളിൽ നിന്നായി 78 വിദ്യാർഥികളാണ് ഇത്തവണ പ്ലേസ്‌മെന്റോടെ പഠനം പൂർത്തീകരിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മരണപ്പെട്ട മുൻ അധ്യാപകൻ സുനീഷ് എൻ പിയുടെ പേരിൽ വിവിധ ട്രേഡുകളിലെ റാങ്ക് ജേതാക്കൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റുളുടെ വിതരണം സഹോദരൻ സുമേഷ് നിർവ്വഹിച്ചു. പി മുഹമ്മദ് യൂസുഫ്, അക്ബർ ബാദുഷ സഖാഫി, അബ്‌ദുറഹ്‌മാൻ കുട്ടി എന്നിവർ ആശംസകളർപ്പിച്ചു. പി അശ്‌റഫ് സ്വാഗതവും സജീവ് കുമാർ നന്ദിയും പറഞ്ഞു.
പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കെല്ലാം തൊഴിൽ നൽകുന്ന സംസ്ഥാനത്തെ തന്നെ മുൻനിര ഐടിഐകളിലൊന്നാണ് മർകസിലേത്. നിലവിൽ 29 എൻ സി വി ടി ബാച്ചുകളിലായി 3169 വിദ്യാർഥികളാണ് ഇവിടെനിന്നും പഠനം പൂർത്തിയാക്കി വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നത്.