കിസ്മസ്-പുതുവത്സരം വരവേല്ക്കാന്‍ വസന്തോത്സവം

New Update
Kerala Tourism
തിരുവനന്തപുരം: പുതുവര്‍ഷത്തെ വര്‍ണ്ണാഭമാക്കുവാന്‍ തലസ്ഥാനത്ത് ഇത്തവണയും വസന്തോത്സവം എത്തുന്നു.  ടൂറിസം വകുപ്പിന്‍റേയും ഡിടിപിസിയുടേയും നേതൃത്വത്തിലാണ് ഡിസംബര്‍ അവസാനവാരവും ജനുവരി ആദ്യവാരത്തിലുമായി വസന്തോത്സവം സംഘടിപ്പിക്കുന്നത്.

വസന്തോത്സവത്തൊടൊപ്പം  ന്യൂ ഇയര്‍ ലൈറ്റിംഗും ഇത്തവണയും ആകര്‍ഷകമായി  സംഘടിപ്പിക്കാന്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി രൂപീകരണയോഗം  തീരുമാനിച്ചു.
 
ഏറ്റവും മനോഹരമായ എക്കാലവും ഓര്‍മ്മിക്കുവാന്‍ കഴിയുന്ന വസന്തോത്സവവും ലൈറ്റിംഗും ആകണം ഇത്തവണ ഒരുക്കേണ്ടത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫ്ലവര്‍ ഷോ മികച്ച പുഷ്പങ്ങളാല്‍ വ്യത്യസ്തമാക്കണം തീമാറ്റിക് ലൈറ്റിംഗ് ആകും ഇത്തവണയും ഉണ്ടാവുക. ജില്ലയ്ക്ക് പുറത്തും ഇത്തവണ പ്രചരണം എത്തിക്കാനാകണം. സഞ്ചാരികള്‍ എത്തുന്ന സമയം ആയതിനാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ കഴിയുന്ന തരത്തില്‍ പ്രചരണം നടത്തണം.ജനകീയോത്സവം ആയി ഫ്ലവര്‍ ഷോയെയും ലൈറ്റിംഗിനേയും മാറ്റണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വസന്തോത്സവം ആകര്‍ഷകമാക്കുന്നതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ എല്ലാ തരത്തിലും വസന്തോത്സവം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്നും മേയര്‍ പറഞ്ഞു.

ടൂറിസം ഡയറക്ടര്‍ ശിഖാസുരേന്ദ്രന്‍ , അഡീഷണല്‍ സെക്രട്ടറി ജഗദീഷ് ഡി എന്നിവരും സംസാരിച്ചു.

വസന്തോത്സവം കഴിഞ്ഞ തവണ ക്യൂറേറ്റ് ചെയ്ത പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ചാണ് ഇത്തവണയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. വിവിധ വകുപ്പുകള്‍ , കാര്‍ഷിക സര്‍വ്വകലാശാല , വിവിധ നെഴ്സറികള്‍ തുടങ്ങിയവയെ സംയോജിപ്പിച്ച് വസന്തോത്സവത്തിന്‍റെ ഭാഗമാക്കും. വിവിധ മത്സരങ്ങള്‍  ഉള്‍പ്പെടെ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

വസന്തോത്സവത്തിന്‍റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു . പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി   വി.ശിവന്‍കുട്ടി  , ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ് , ജില്ലയിലെ എം എല്‍ എ മാര്‍ , എംപിമാര്‍, മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ രക്ഷാധികളാണ്.  മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയര്‍മാനും മന്ത്രി വി  ശിവന്‍കുട്ടി വര്‍ക്കിംഗ് ചെയര്‍മാനും ആകും . ടൂറിസം സെക്രട്ടറിയാണ് ജനറല്‍ കണ്‍വീനര്‍ . ജില്ലാ കലക്ടര്‍ , ടൂറിസം ഡയറക്ടര്‍ എന്നിവര്‍ കണ്‍വീനര്‍മാരും ടൂറിസം അഡീഷണല്‍ ഡറക്ടര്‍ ( ജനറല്‍ ) ജോയിന്‍റ് കണ്‍വീനറുമാണ്. ഡിടിപിസി സെക്രട്ടറി ആണ് കോര്‍ഡിനേറ്റര്‍ . വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

Advertisment
Advertisment