നാടിന്റെ മുഖശ്രീയായി മാന്നാറിലെ ശ്രീനാരായണ ദർശന പഠന കേന്ദ്രം

New Update
5927495c-ef34-4d0a-884d-24417aa547ee

മാന്നാർ: ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ പടുത്തുയർത്തിയ മാന്നാറിലെ ശ്രീനാരായണ പഠനകേന്ദ്രം നാടിന്റെ മുഖശ്രീയായി. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിലെ 2485ാം നമ്പർ മാന്നാർ ശാഖായോഗം പണികഴിപ്പിച്ചതാണ് ശ്രീനാരായണ ദർശന പഠന കേന്ദ്രം. മാന്നാറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം ആധുനിക രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്.

Advertisment

2023 ജനുവരി 26നാണ് കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിയാണ് പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ശാഖയുടെ വാർഷിക പൊതുയോഗ ബജറ്റിൽ 70 ലക്ഷം രൂപ തുക ഉൾക്കൊള്ളിച്ചാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 59 ലക്ഷം രൂപ ശ്രീനാരായണ ദർശന പഠന കേന്ദ്രത്തിന് ചിലവായി. രണ്ടര വർഷമെടുത്താണ് നിർമ്മാണം പൂർത്തീകരിച്ചത്. അവസാനഘട്ട നിർമ്മാണ പ്രവർത്തനമായ മുറ്റത്ത് ടൈൽ വിരിക്കുന്ന ജോലികളും പൂർത്തിയായി. 

ഒറ്റക്കെട്ടായി അണിനിരന്നു: പഠനകേന്ദ്രത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ, ശാഖാ പ്രസിഡന്റായിരുന്ന കെ.പി കേശവന് ഒപ്പം സെക്രട്ടറി, വൈസ് പ്രസിഡന്റ്, വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, കുടുംബയൂണിറ്റുകൾ, ശാഖയിലെ 112 കുടുംബങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നു. ശാഖ രൂപം കൊള്ളുന്നതിന് മുമ്പ് ഇവിടെ ശ്രീനാരായണ സമാജം പ്രവർത്തിക്കുകയും സ്ഥലം വാങ്ങുകയും ചെയ്തു. 1979 ൽ മാന്നാർ ശാഖ രൂപം കൊണ്ടപ്പോൾ ശ്രീനാരായണ സമാജം പിരിച്ചുവിട്ടു. സമാജത്തിന്റെ ആസ്ഥി ബാദ്ധ്യതകൾ ശാഖയിൽ ലയിപ്പിക്കുകയും ചെയ്തു. ഇവിടെ, ശാഖ ഓഫീസും പ്രാർത്ഥന ഹാളും പ്രവർത്തിക്കുന്നു. 

അമരത്ത് കെ.പി കേശവൻ:  ശാഖയുടെ പ്രഥമ പ്രസിഡന്റ് കെ.പി കേശവൻ ആയിരുന്നു. 13 വർഷം തുടർച്ചയായി ശാഖ പ്രസിഡന്റായിരുന്ന കെ.പി കേശവൻ 1995 ഇലയ്ക്കാട് എസ്.കെ.വി ഗവൺമെന്റ് യു.പി സ്‌കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ചു.  പിന്നീട്, 2004 മുതൽ നാളിതുവരെ ശാഖയുടെ പ്രസിഡന്റ് പദം അലങ്കരിച്ചു പോരുന്നു. ഈ കാലയളവിലാണ്  ശ്രീനാരായണ കൺവെൻഷന് ശാഖയിൽ തുടക്കം കുറിച്ചത്. ശ്രീനാരായണ ദർശന പഠന കേന്ദ്രം നാടിന് സമർപ്പിക്കുമ്പോൾ ഏറെ അഭിമാനകരമായ നിമിഷമാണെന്ന് പ്രസിഡന്റ് കെ.പി കേശവനും ഒപ്പം നിന്ന് പ്രവർത്തിച്ച ശാഖാ സെക്രട്ടറി ബാബു ചിത്തിരഭവൻ, നിർമ്മാണ കമ്മിറ്റി കൺവീനർ എ.എൻ സുധാർത്ഥൻ, ശാഖ വൈസ് പ്രസിഡന്റ് കെ.എസ് ഷാജുകുമാർ എന്നിവർക്കും. 

ആദ്യപരിപാടി ഇന്ന്:  പതിനഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ ഇന്ന് വൈകിട്ട് ശ്രീനാരായണ ദർശന പഠന കേന്ദ്രത്തിൽ നടക്കുമെന്ന് ശാഖാ സെക്രട്ടറി ബാബു ചിത്തിരഭവൻ അറിയിച്ചു. രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് എ ഡി പ്രസാദ് ആരിശ്ശേരി ശ്രീനാരായണ ദർശന പഠന കേന്ദ്രം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സി.എം ബാബു അദ്ധ്യക്ഷത വഹിക്കും.

Advertisment