വാഴക്കുളം സൗജന്യ ഡയാലിസിസ് സെന്ററിന് പിന്തുണയുമായി സെന്റ് ജോർജ് വോളിബോൾ ക്ലബ്ബും

New Update
vazhakkulam jnkj

വാഴക്കുളം: വാഴക്കുളത്തിന്റെ  സ്വപ്ന പദ്ധതിയായ വാഴക്കുളം സൗജന്യ ഡയാലിസിസ് സെന്ററിന് വലിയ പിന്തുണയുമായി ഇന്ത്യയിലെ ഏറ്റവും പഴയതും ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്നതുമായ വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ്ബും.ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി ഒന്നര ലക്ഷം രൂപയുടെ ചെക്ക് ക്ലബ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് സിജു സെബാസ്റ്റ്യനും ഭാരവാഹികൾക്കും കൈമാറി. 

Advertisment

കിഡ്നി രോഗം വന്ന് നിരന്തരമായി ഡയാലിസിസ് ചെയ്യേണ്ടിവരുമ്പോൾ രോഗിയും കുടുംബവും അനുഭവിക്കുന്ന പ്രയാസങ്ങൾ സമാനതകളില്ലാത്തതാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും പ്രശ്നങ്ങളിലേക്കും കടന്നുപോകുന്ന  കുടുംബങ്ങളെ ചേർത്തു പിടിക്കുവാനായിട്ട് തുടക്കം കുറിക്കുന്ന വാഴക്കുളം ഡയാലിസിസ് സെന്ററിന് തുടർന്നും പിന്തുണ നൽകുമെന്നും എല്ലാവർഷവും 100 ഡയാലിസിസിന് ഉള്ള  തുക( ഒരു ലക്ഷം രൂപ ) ക്ലബ്ബംഗങ്ങൾ നൽകുമെന്നും പ്രസിഡണ്ട് അറിയിച്ചു.

 ഒക്ടോബർ മൂന്നാം തീയതി ഡയാലിസിസ് സെന്റർ  ഉദ്ഘാടന ദിവസം നടക്കുന്ന പൈനാപ്പിൾ സിറ്റി വാക്കത്തോണിലും ഉദ്ഘാടന പരിപാടികളിലും ക്ലബ്ബിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ക്ലബ്ബ് ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, വൈസ് പ്രസിഡണ്ട് ജോജോ വർഗീസ്, ട്രഷറർ ജയകുമാർ, ക്ലബ്ബ് കമ്മിറ്റി അംഗങ്ങളായ ജോസ് വർഗീസ് ഓലിക്കൽ, ജിജി മണവാളൻ,  ഡോണി ജോർജ്, ജോജി തുടങ്ങിയവരും ട്രസ്റ്റ്‌ ഭാരവാഹികളായ അഡ്വക്കേറ്റ് ജോണി മെതിപ്പാറ, പ്രൊഫസർ ജോസ് അഗസ്റ്റിൻ, സാജു  ടി ജോസ് തുടങ്ങിയവരും ക്ലബ്ബ് അംഗങ്ങളും കളിക്കാരും  യോഗത്തിൽ സംബന്ധിച്ചു.

Advertisment