/sathyam/media/media_files/ZMrDX9FCS7jrmoahFuOy.jpg)
തിരുവനന്തപുരം: ആഗോള ഇന്നൊവേഷന്‍ ആവാസവ്യവസ്ഥാ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സ്റ്റാര്‍ട്ടപ് ജീനോം പ്രസിദ്ധീകരിച്ച കേരളത്തിലെ സ്റ്റാര്‍ട്ടപ് ആവാസവ്യവസഥയുടെ വളര്‍ച്ച എടുത്തുകാണിക്കുന്ന റിപ്പോര്‍ട്ട് സ്വതന്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതും പക്ഷപാതമില്ലാത്തതുമാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍(കെഎസ് യുഎം).
55 രാജ്യങ്ങളില്‍ നിന്നുള്ള 160 ല്‍ പരം സാമ്പത്തിക, ഇന്നൊവേഷന്‍ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇന്നൊവേഷന്‍ ആവാസവ്യവസ്ഥാ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റാര്‍ട്ടപ് ജീനോം. ആഗോള തലത്തില്‍ സര്‍ക്കാരുകള്‍, ഇന്നൊവേഷന്‍ ഏജന്‍സികള്‍, സ്റ്റാര്‍ട്ടപ് ക്ലസ്റ്ററുകള്‍ എന്നിവ പാലിച്ചുപോരുന്ന മികച്ച മാതൃകകള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് നൂതന വികസന നയങ്ങള്‍ രൂപീകരിക്കുന്നതിനും സ്റ്റാര്‍ട്ടപ് ജീനോം റിപ്പോര്‍ട്ട് ആധാരമാക്കാറുണ്ട്. സ്റ്റാര്‍ട്ടപ് രംഗത്ത് വലിയ വിശ്വാസ്യതയാണ് ഈ റിപ്പോര്‍ട്ടിനുള്ളത്.
2021 മുതല്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ് ജീനോമില്‍ അംഗമാണ്. അംഗത്വ ഫീസായി നാളിതു വരെ 48000 ഡോളറാണ് നല്‍കിയിട്ടുള്ളതെന്ന് കെഎസ് യുഎം വ്യക്തമാക്കുന്നു. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ് നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും സ്റ്റാര്‍ട്ടപ് ജീനോമില്‍ അംഗമാണ്.