സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണ്ണ കപ്പ്ഘോഷയാത്രയ്ക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം

New Update
SCHOOL YOUTH FEST TROPHY 9-1-26 (1)

കോട്ടയം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു മുന്നോടിയായുള്ള  സ്വർണ്ണ കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ പ്രൗഢോജ്വല സ്വീകരണം. കോട്ടയം മാമൻ മാപ്പിള ഹാൾ അങ്കണത്തിൽനിന്ന് സെന്റ്് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയ ഘോഷയാത്രയെ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

Advertisment

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുനിന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയ കപ്പിന് ജില്ലയിലെ ആദ്യ സ്വീകരണം പാലാ സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്വീകരണത്തിനു ശേഷം ഘോഷയാത്ര പത്തനംതിട്ട ജില്ലയിലേക്ക് പോയി.  

ജില്ലാതല സ്വീകരണ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻറ് ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് എസ്. ശ്രീകുമാർ, സെന്റ് ആൻസ് ജി.എച്ച്.എസ്. എസ്. പ്രിൻസിപ്പൽ ജോബി ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രിയ എസ്.ജെ.സി, പി.ടി.എ പ്രസിഡൻറ് ജോർജ് തോമസ് എന്നിവർ ജില്ലാതല സ്വീകരണത്തിൽ പങ്കെടുത്തു.

SCHOOL YOUTH FEST TROPHY 9-1-26 (2)

 117.5 പവൻ തൂക്കം വരുന്ന സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര കാസർകോട് മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽനിന്നാണ് ആരംഭിച്ചത്. ജനുവരി 13ന് കലോത്സവ വേദിയായ തൃശൂരിൽ എത്തിച്ചേരും. ജനുവരി 14ന് രാവിലെ പത്തിന് തൃശൂർ തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

Advertisment