പ്രതിസന്ധികളെ അതിജീവിച്ച് വിജയം നേടിയവരിൽ നിന്ന് പ്രചോദനം ഉൾകൊള്ളുക : ഡോ. സെബിൻ എസ്. കൊട്ടാരം

New Update
ad4d4bad-41aa-47b8-b15c-fbb0307560c1

കങ്ങഴ : പ്രതിസന്ധികൾ അതിജീവിച്ച് വിജയം നേടിയവരുടെ ജീവിതത്തിൽ നിന്ന് ഇന്നത്തെ തലമുറ പ്രചോദനം ഉൾകൊള്ളണമെന്ന് അന്താരാഷ്ട്ര ലൈഫ് കോച്ചും, പ്രമുഖ മനഃശാസ്ത്രവിദഗ്ദ്ധനുമായ ഡോ. സെബിൻ എസ്. കൊട്ടാരം. മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന്റെ 34 -ാമത് വാർഷികം 'തെരെസ്യൻ ഗാല - 2025' ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Advertisment

11ff9fe0-44b7-4812-9f62-987c62abeda4

കുട്ടികളുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതും, മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്വന്തം കഴിവും വ്യക്തിത്വവും മനസ്സിലാക്കി ജീവിക്കാൻ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

പൊതുസമ്മേളനത്തിൽ മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. സിറിയക് കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. മിഷനറീസ് ഓഫ് ലിറ്റിൽ ഫ്‌ളവർ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ മെർലിൻ ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ്, കങ്ങഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, പി. ടി. എ. പ്രസിഡന്റ് സംഗീത ജോസ്, അധ്യാപക പ്രതിനിധികളായ അനൂപ് പി. റ്റി., രാധിക കെ. നായർ എന്നിവർ പ്രസംഗിച്ചു. 

അധ്യയന വർഷത്തിൽ അക്കാദമിക രംഗത്തും മറ്റ് പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് കലാവിസ്മയം തീർത്ത ദൃശ്യവിരുന്ന് അരങ്ങേറി. വിദ്യാർത്ഥികളുടെ കലാവൈഭവം വിളിച്ചോതിയ വ്യത്യസ്ത നൃത്ത രൂപങ്ങളും സംഗീത ശിൽപ്പങ്ങളും കോർത്തിണക്കിയ കലാപരിപാടികൾ മികച്ച ദൃശ്യാനുഭവമാണ് കാണികൾക്ക് പ്രദാനം ചെയ്തത്.

Advertisment