'തസ്കിയ 2K25' റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update
IMG-20251222-WA0104
വടക്കാങ്ങര : ക്ലാസ് മുറികളിൽ പഠനത്തിനൊപ്പം മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു തലമുറയായി നമ്മുടെ മക്കളെ വളർത്തിയെടുക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസം അർത്ഥ പൂർണ്ണമാവുകയൊള്ളൂവെന്ന് നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ എ.ടി ഷറഫുദ്ദീൻ അഭിപ്രായപ്പെട്ടു. നേരിന്റെ കാവലാളാകാൻ പുതിയ തലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
Advertisment
വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സമാപിച്ച രണ്ടുദിവസം നീണ്ടുനിന്ന റസിഡൻഷ്യൽ ക്യാമ്പ് 'തസ്കിയ 2K25' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തസ്കിയ 2K25' എന്ന പേരിൽ 6 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് നന്മയും മൂല്യബോധവും പകർന്നു നൽകിയ വൈവിധ്യമാർന്ന പരിപാടികളോടെ ക്യാമ്പ് സംഘടിപ്പിച്ചത്. 
കുട്ടികളിൽ അറിവിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ പകർന്നു നൽകിയ വിവിധ സെഷനുകൾക്ക് കേരളത്തിലെ പ്രശസ്ത സ്റ്റുഡൻസ് ട്രൈനർമാരായ പി.ടി ഫായിസ്, ഷഹീർ വെട്ടം, ഹാരിസ് തൃക്കളയൂർ, നസീബ ബഷീർ, സമീർ വേളം തുടങ്ങിയവർ നേതൃത്വം നൽകി.
രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം പി.ടി.എ പ്രസിഡൻറ് ജൗഹറലി തങ്കയത്തിലിന്റെ നേതൃത്വത്തിൽ പാണ്ടിക്കാട് സെൽവ കെയർ ഹോമിലേക്ക് നടത്തിയ സന്ദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി. നിരാലംബരും നിസ്സഹായരുമായ വൃദ്ധജനങ്ങളുടെ കൂടെ ചിലവഴിച്ച സമയം തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് പങ്കെടുത്ത കുട്ടികൾ അഭിപ്രായപ്പെട്ടു. 
ക്യാമ്പ് കൺവീനർ കെ.വി നദീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജൗഹറലി തങ്കയത്തിൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി യാസിർ കരുവാട്ടിൽ, വൈസ് പ്രിൻസിപ്പൽ കെ റാഷിദ് എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പിന് അറബിക് ഹെഡ് തഹ്സീൻ മാസ്റ്റർ സ്വാലിഹ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ടാലന്റ് മോണിംഗ് മദ്രസ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisment