/sathyam/media/media_files/2025/02/15/EoA55IVnq5dNTeUyk46D.jpg)
കോഴിക്കോട്,: കോളെജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ സംസ്ഥാനതല ഹാക്കത്തോൺ ‘ടെക് പൾസ്’ ഇന്ന് കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ ആരംഭിച്ചു. കേരളത്തിലുടനീളമുള്ള കോളേജുകളിൽനിന്നു തെരെഞ്ഞെടുത്ത 75-ഓളം വിദ്യാർത്ഥികളാണ് 16 ടീമുകളിലായി ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. രാവിലെ 10-ന് കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയിതു .
ഓപ്പൺ സോഴ്‌സ് ഫാർമ ഫൗണ്ടേഷൻ സഹസ്ഥാപകനും ചെയർമാനുമായ ജയകുമാർ മേനോൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ലജീഷ് വി എൽ, കോഴിക്കോട് ഗവൺമെന്‍റ് സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ, യുഎൽസിസിഎസ് എംഡി ഷാജു എസ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ചു ഉപസ്ഥാപനങ്ങളായ യുഎൽ ടെക്നോളജി സൊല്യൂഷൻസും (യുഎൽടിഎസ്) യുഎൽ സൈബർപാർക്കും ചേർന്നാണു ടെക് പൾസ് സംഘടിപ്പിക്കുന്നത്. വിജയിക്കുന്ന ടീമുകൾക്ക് 1.5 ലക്ഷം രൂപ സമ്മാനത്തുക പങ്കുവയ്ക്കും. അവരുടെ ആശയങ്ങൾ കൂടുതൽ വികസിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള പിന്തുണയും ലഭ്യമാക്കും.
ഇന്നത്തെ ലോകത്ത് നാം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആശയങ്ങൾ അവതരിപ്പിക്കാനുള്ള മത്സരമായാണ് ടെക് പൾസ് വിഭാവനം ചെയ്തിട്ടുള്ളത്. ഹാക്കത്തോണിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 20-ൽപ്പരം വ്യവസായവിദഗ്ധരുടെ മാർഗനിർദേശങ്ങളും വിലയിരുത്തലും ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.