തലശ്ശേരി നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിച്ച് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ

വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജോബ് സ്റ്റേഷൻ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു.

New Update
thalassery municipality

തലശ്ശേരി: തലശ്ശേരി നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പ്രഖ്യാപിച്ചു. 

Advertisment

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  സജീവമായ ഇടപെടൽ കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചതെന്നും ലഹരിക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജോബ് സ്റ്റേഷൻ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. അതിദരിദ്ര്യരെ കണ്ടെത്തുന്നതിനും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മൈക്രോപ്ലാൻ ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിച്ചത്. 


തലശ്ശേരി നഗരസഭയിൽ 104 കുടുംബങ്ങളിലായി 223 ഗുണഭോക്താക്കളാണുള്ളത്. ഹ്രസ്വകാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ, ഉടൻ നടപ്പിലാക്കുന്നവ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാൻ സേവനങ്ങൾ ലഭ്യമാക്കിയത്. 


അവകാശ രേഖകളായ റേഷൻ കാർഡ്, ഭിന്നശേഷി കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സാമൂഹിക സുരക്ഷാ പെൻഷൻ, ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കുക എന്നിവ അതിദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. 

50 കുടുംബങ്ങൾക്ക് 2023 നവംബർ മുതൽ എല്ലാമാസവും ഭക്ഷ്യകിറ്റും ചികിത്സ ആവശ്യമുള്ള നൂറോളം പേർക്ക് തലശ്ശേരി ജനറൽ ആശുപത്രി മുഖേന മെഡിക്കൽ സേവനങ്ങളും ഉജ്ജീവനം പദ്ധതിയിലുൾപ്പെടുത്തി വരുമാനം ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് തൊഴിലും നൽകി. 


പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികൾക്കുള്ള ശിൽപശാലയും നടന്നു.


തലശ്ശേരി നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാറാണി അധ്യക്ഷയായി. സി.ഡി.എസ് മെമ്പർ സെക്രട്ടറി ഹരി പുതിയില്ലത്ത് അതിദാരിദ്യ നഗരസഭാ റിപ്പോർട്ട് അവതരിപ്പിച്ചു. 

ജില്ലാ കോ ഓർഡിനേറ്റർ പി.വി. രത്നാകരൻ ജനകീയ ക്യാമ്പയിൻ വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ എം.വി ജയരാജൻ, സ്ഥിരം സമിതി അംഗങ്ങളായ ടി.സി. അബ്ദുൾ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ സാഹിറ, എൻ. രേഷ്മ, സി. സോമൻ, തലശ്ശേരി നഗരസഭാ സെക്രട്ടറി എൻ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Advertisment