/sathyam/media/media_files/2025/03/29/V6H0zU3mRuwsXBhrhA4D.jpg)
കുറവിലങ്ങാട് : കുറവിലങ്ങാട് മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം തറവാട് പള്ളിയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റായി ചുമതലയേറ്റ റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ച ഇടവക പ്രതിനിധി സംഘത്തോടാണ് കുറവിലങ്ങാടിന് ക്രൈസ്തവസഭാ ചരിത്രത്തിലുള്ള അതുല്യമായ സ്ഥാനത്തെക്കുറിച്ച് സഭാ തലവൻ ഓർമിപ്പിച്ചത്. തറവാട് വീട് സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുന്ന മക്കളെ പോലെയാണ് കുറവിലങ്ങാടിന്റെ ഉത്തരവാദിത്വം.
ചരിത്രത്തെയും പാരമ്പര്യങ്ങളെയും പൗരാണികതയെയും കാത്തുസൂക്ഷിക്കാനുള്ള വലിയ കടമയും മാതൃകയും കുറവിലങ്ങാടിനുണ്ട്. പാലയൂരിൽ മാർത്തോമാ ശ്ലീഹായിൽ നിന്ന് മാമ്മോദീസ സ്വീകരിച്ച കുടുംബങ്ങൾ ആദ്യം കുടിയേറിയത് കുറവിലങ്ങാട്ടാണെന്നത് ഏറെ പ്രത്യേകതയാണ്.
വികസനരംഗത്ത് എത്ര മുന്നേറിയാലും അമൂല്യമായ ചരിത്രത്തെ ചേർത്തു നിറുത്തണം. സഭയോടും സഭാ കേന്ദ്രത്തോടും പൈതൃകമായ അടുപ്പമാണ് കുറവിലങ്ങാട് സൂക്ഷിക്കുന്നതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലബാർസഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, എന്നിവരെയും ഇടവകയുടെ പ്രതിനിധി സംഘം സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us