രാജ്യം ആർ.എസ്.എസ്സിന് തീറെഴുതിക്കൊടുത്തിട്ടില്ല: പി സുരേന്ദ്രൻ

New Update
samaraporali

മലപ്പുറം: വഖഫ് നിയമമുൾപ്പെടെയുള്ള ആർ. എസ്.എസ്സിൻ്റെ വംശീയ തിട്ടൂരങ്ങൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പി. സുരേന്ദ്രൻ. വഖഫ് നിയമത്തിനെതിരെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചതിനെ തുടർന്ന് ജയിലിൽ അടക്കപ്പെട്ട് പുറത്തിറങ്ങിയ എസ്.ഐ.ഒ - സോളിഡാരിറ്റി നേതാക്കൾക്ക് നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

വഖഫ് നിമയത്തിനെതിരായ തീക്ഷ്ണമായ പ്രക്ഷോഭങ്ങൾക്ക് വരും ദിവസങ്ങളിൽ കേരളത്തിൻ്റെ തെരുവുകൾ സാക്ഷ്യം വഹിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സൂചിപ്പിച്ചു. ലാത്തിയും ജയിലറയും കാട്ടി വഖ്ഫ് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്നത് ഭരണകൂടത്തിൻ്റെ വ്യാമോഹം മാത്രമാണെന്ന് മറുപടി പ്രഭാഷണത്തിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് വ്യക്തമാക്കി. 


താനൂർ ടൗണിൽ നടന്ന സ്വീകരണ സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് സാബിക്ക് വെട്ടം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഹബീബ് ജഹാൻ എന്നിവർ സംസാരിച്ചു.