/sathyam/media/media_files/2025/09/10/014d1349-32db-4d8d-8a79-4c97a3f1c32b-2025-09-10-15-24-39.jpg)
പൊൻകുന്നം : ഇന്ത്യ വികസനത്തിൽ കുതിച്ചു മുന്നേറുമ്പോൾ കേരളം വികസനത്തിൽ 15 കൊല്ലം പിന്നിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത മൂന്നു മാസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോൾ ലോകത്തെ എല്ലാ വേണ്ടാത്ത കാര്യങ്ങളെക്കുറിച്ചും സി.പി.എമ്മും കോൺഗ്രസും ചർച്ച ചെയ്യും. എന്നാൽ, വികസനത്തെക്കുറിച്ച് ഇവരാരും ഒരക്ഷരം മിണ്ടില്ല. അടുത്ത മൂന്നു മാസം വികസിത കേരളം വികസിത കോട്ടയം എന്ന ലക്ഷ്യം മുൻനിർത്തി ബി.ജെ.പി പ്രവർത്തിക്കും. ജില്ലയിലെ എല്ലാ വീടുകളിലും കയറി വികസനത്തെക്കുറിച്ചുള്ള ബി .ജെ .പിയുടെ സങ്കൽപ്പങ്ങൾ അവതരിപ്പിക്കും.
കാരണം ഈ നാട്ടിൽ മാറ്റം കൊണ്ടു വരണമെങ്കിൽ വികസനം കൊണ്ടു വരണമെങ്കിൽ തൊഴിൽ കൊണ്ടു വരണമെങ്കിൽ അത് ബി.ജെ.പിയെ കൊണ്ടേ സാധിക്കൂ. ഒരു കോൺഗ്രസുകാരനോടോ സി.പിഎമ്മുകാരനോടോ ചോദിച്ചാൽ അവർ പറയും വികസനം ചർച്ച ചെയ്യാൻ താൽപര്യമില്ലെന്ന്. എന്തു പറഞ്ഞാലും സി.പി.എമ്മും കോൺഗ്രസും പറയുന്നത് ബി.ജെ.പി ഒരു വർഗീയവാദി പാർട്ടിയാണെന്നാണ്.
ഇതിനേക്കാൾ വലിയൊരു നുണ ഈ രാജ്യത്തില്ല. എല്ലാവരുടെ ഒപ്പവും എല്ലാവർക്കും വേണ്ടിയും പ്രവർത്തിക്കുന്ന ഒരു പാർട്ടി മാത്രമേ ഉള്ളൂ, അത് ബി.ജെ.പിയാണ്. ഞങ്ങൾ എല്ലാ മതത്തിലും എല്ലാ വിശ്വാസത്തിലും അഭിമാനിക്കും. എന്നാൽ, മറ്റുള്ളവർ ചെയ്യുന്നത് നിലമ്പൂർ പോയി ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഈസ്റ്റ് ജില്ലാപ്രസിഡന്റ് റോയി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി എസ്.സുരേഷ്, ദേശീയ നിർവാഹക സമിതിയംഗം പി.സിജോർജ്, സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷോൺ ജോർജ്, സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, മേഖല പ്രസിഡന്റ് എൻ.ഹരി, വെസ്റ്റ് ജില്ലാപ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു. അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളികളെ രാജീവ് ചന്ദ്രശേഖർ ആദരിച്ചു.