/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
മലപ്പുറം: മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെട്ട ജില്ലാ പഞ്ചായത്തിലെ നിക്ഷേപ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലീഗ് നേതാക്കളുടെ ഒത്താശയിൽ കോടികളുടെ തട്ടിപ്പാണ് ജില്ലാ പഞ്ചായത്തിൽ നടക്കുന്നത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മക്കരപറമ്പ് ഡിവിഷൻ അംഗവുമായ ടി പി ഹാരിസിന്റെ നേതൃത്വത്തിൽ മാത്രം 25 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കേസിൽ രണ്ടാം പ്രതിയാണെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സംഭവത്തെ ടി പി ഹാരിസിലേക്ക് മാത്രം ചുരുക്കി കേസ് ഒതുക്കാനാവില്ല. ജില്ലാ പഞ്ചായത്ത് നേതൃത്വമാകെ ആരോപണ വിധേയരായ വിഷയത്തിൽ ലീഗ് നേതൃത്വം മൗനം വെടിയണം. ജില്ലാ പഞ്ചായത്തിന്റെ പ്രവൃത്തികളുടെ കരാറുകളെല്ലാം ലീഗ് നേതാക്കളുടെ ബിനാമികൾക്കാണ് ലഭിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
അക്രഡിറ്റഡ് ഏജൻസികൾക്ക് കരാർ നൽകുന്നതിനു പിന്നിലെ അഴിമതി ജില്ലാ പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തെ നോക്കുകുത്തിയാക്കിയാണ് ഈ കരാർ കൊള്ള. സർക്കാറിന് കോടികൾ നഷ്ടമുണ്ടാകുമ്പോൾ ലീഗ് നേതാക്കളുടെ കീശ വീർപ്പിക്കുന്ന ഇടപാടാണ് നടക്കുന്നത്.
ആരോഗ്യവകുപ്പിൽ നിന്നും അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റ് തസ്‌തികയിൽ വിരമിച്ച ഉദ്യോഗസ്ഥനാണ് അക്രഡിറ്റഡ് ഏൻസുകളുടെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പദ്ധതി പാസാകുമ്പോൾ തന്നെ കരാർ ആർക്കാണെന്ന് ഉറപ്പിക്കും. പ്രവൃത്തി നടത്താനാവശ്യമായ തുക കണ്ടെത്താൻ ലീഗ് അനുഭാവികളെ സമീപിക്കും. ബിസിനസ്സുകാർ മുതൽ സാധാരണക്കാർവരെ തട്ടിപ്പിൽ വീണിട്ടുണ്ട്. പ്രവൃത്തിയുടെ ലാഭത്തിന്റെ 50 ശതമാനമാണ് നിക്ഷേപകർക്ക് വാഗ്‌ദാനം. ബാക്കി 50 ശതമാനം ലീഗ് നേതാക്കളും ഇടനിലക്കാരും ഉൾപ്പെട്ട സംഘം കൈക്കലാക്കും. ഇടപാടുകളെല്ലാം ജില്ലാ പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. ഇത് ഗൗരവതരമാണ്.
നിക്ഷേപം നൽകിയവരെല്ലാം ലീഗ് അനുഭാവികളും പ്രവർത്തകരുമാണ്. ലീഗ് നേതൃത്വത്തെ വിശ്വസിച്ചാണ് പലരും പണം മുടക്കിയത്. പരാതി പിൻവലിപപ്പിക്കാൻ ലീഗ് നേതാക്കൾ ഇടപെടുന്നതായാണ് വിവരം. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അറസ്‌റ്റ് ചെയ്യിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ ഭീഷണി. ഇരകൾക്കൊപ്പം നിൽക്കേണ്ട പാർടി നേതൃത്വം വേട്ടക്കാർക്കുവേണ്ടി അണിനിരക്കുന്ന കാഴ്‌ചയാണ് നാം കാണുന്നതെന്നും ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ബി മുഹമ്മദ് റസാഖും പങ്കെടുത്തു.