35 വര്‍ഷമായി അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് ശാപമോക്ഷമാകുന്നു. ഫയര്‍ സ്റ്റേഷനു പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 2.40 കോടി എം.എല്‍.എ ഫണ്ട് അനുവദിച്ചു. കാഞ്ഞിരപ്പള്ളി - മണിമല റോഡില്‍ മണ്ണാറക്കയം ഭാഗത്ത് ഫയര്‍‌സ്റ്റേഷനായി കണ്ടെത്തിയ 20 സെന്റ് സ്ഥലത്ത് ഇരുനില കെട്ടിടം നിര്‍മിക്കാനാണു പദ്ധതി

New Update
e52f8784-ca48-4aec-8309-1f225f5866ff

കോട്ടയം: 35 വര്‍ഷമായി അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനു ശാപമോക്ഷമാകുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 2.40 കോടി രൂപയുടെ എം.എല്‍.എ ഫണ്ട് അനുവദിച്ച് ഉത്തരവായതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഫയര്‍ സ്റ്റേഷന്‍ തുടക്കകാലം മുതല്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല സീസണ്‍ ഉള്‍പ്പെടെ ഫയര്‍ഫോഴ്സിന്റെ സേവനം അത്യന്താപേക്ഷിതമായ പ്രദേശമാണ്.

Advertisment

സ്വന്തമായി കെട്ടിടം എന്നത് ദീര്‍ഘകാല ആവശ്യമായിരുന്നു. ജലലഭ്യതയുള്ളതും കെട്ടിടനിര്‍മ്മാണത്തിന് അനുയോജ്യവുമായ സ്ഥലം കണ്ടെത്തുന്നതിനു വ്യാപകമായ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി മണിമല റോഡില്‍ മണ്ണാറക്കയം ഭാഗത്തു റോഡ് നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഒഴിവാക്കി ബാക്കി വരുന്ന 17.70 സെന്റ് സ്ഥലം കണ്ടെത്തുകയും റവന്യൂ വകുപ്പിന്റെ അനുമതിക്ക് എം.എല്‍.എ സര്‍ക്കാരിലേക്കു സമര്‍പ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു റവന്യൂമന്ത്രിക്ക് നിവേദനവും നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥലം അനുവദിച്ചുകൊണ്ട്  കലക്ടറുടെ അന്തിമ ഉത്തരവ് ലഭിച്ചിരുന്നു. ഈ സ്ഥലത്ത് ആവശ്യമായ കെട്ടിടം പൊതുമരാമത്ത് വകുപ്പ് മുഖേന നിര്‍മ്മിക്കുന്നതിനാണ് എം.എല്‍.എ ഫണ്ട് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. എത്രയും വേഗം പുതിയ കെട്ടിടം പണിതു കാഞ്ഞിരപ്പള്ളിയില്‍ തന്നെ ഫയര്‍ സ്റ്റേഷന്‍ നിലനിര്‍ത്തുന്നതിനു നടപടി സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.

1990ല്‍ ആരംഭിച്ച  കാലം മുതല്‍ 35 വര്‍ഷമായി ഇടുങ്ങിയ വാടക കെട്ടിടത്തിലാണു സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 44 ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്റ്റേഷനില്‍ ഒരു ഷിഫ്റ്റില്‍ കുറഞ്ഞത് 15 മുതല്‍ 20 ഉദ്യോഗസ്ഥര്‍ വരെയുണ്ടാകും. ആകെ 1500ല്‍ താഴെ മാത്രം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റേഷനില്‍ ഗാരിജ് കഴിഞ്ഞാല്‍ ഓഫിസും വിശ്രമമുറിയും, അടുക്കളയും  സ്റ്റോറും,  ശുചിമുറിയും മാത്രമാണുള്ളത്. ഇടുങ്ങിയ വിശ്രമമുറിയില്‍ പരമാവധി 5 പേര്‍ക്ക് കിടക്കാം. രാത്രി സമയങ്ങളില്‍ ബാക്കിയുള്ളവര്‍ വിശ്രമിക്കുന്നത് അടുക്കളയിലും, ഗാരിജിലുമാണ്. ഫയര്‍ സ്റ്റേഷനു സ്വന്തമായി സൗകര്യമുള്ള കെട്ടിടം എന്ന കാല്‍ നൂറ്റാണ്ടിലേറെയായുള്ള ആവശ്യത്തിനു പരിഹാരമാവുകയാണ്.

Advertisment