കോട്ടയം : ഒരു വര്‍ഷമായി പക്ഷിപ്പനി മൂലം അടച്ചിട്ടിരുന്ന മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിച്ചു. 45 ദിവസത്തിനുള്ളില്‍ പുതിയ ഔട്ട്ലെറ്റില്‍നിന്ന് 45 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം ആരംഭിക്കും. ബുക്കിങ് അനുസരിച്ചാണ് വിതരണം. ഉല്‍പാദനം ആരംഭിക്കുന്നതോടെ മുട്ടകളുടെ വിതരണവും തുടങ്ങും. രണ്ട് ദിവസം പ്രായമായ 1432 കോഴിക്കുഞ്ഞുങ്ങളെയാണ് മണര്‍കാട് കോഴി ഫാമില്‍ എത്തിച്ചത്.
45 ദിവസത്തെ പരിപാലനത്തിന് ശേഷം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. വരും ദിവസങ്ങളില്‍ കൂടുതല്‍ കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് ഫാം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ഗ്രാമശ്രീ ഇനത്തില്‍പെട്ട 1372 കോഴിക്കുഞ്ഞുങ്ങളെയാണ് ഇടുക്കി കോലാനി ഫാമില്‍നിന്ന് ബുധനാഴ്ച ഇവിടെ എത്തിച്ചത്. ഓഗസറ്റില്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍നിന്ന് മാതൃ-പിതൃ ശേഖരത്തിനായി 2000 കോഴിക്കുഞ്ഞുങ്ങളെയും എത്തിക്കും. 30 ശതമാനം കോഴികളെയും അവശ്യവസ്തുക്കളെയും എത്തിച്ചിട്ടാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നത്. ഒരു വര്‍ഷത്തിന് ശേഷം ഫാം തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതില്‍ തൊഴിലാളികളും വലിയ സന്തോഷത്തിലാണ്.
ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.മനോജ് കുമാര്‍ പി.കെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മണര്‍കാട് ആര്‍.പി. എഫ് എഡി( പി ) ലിനി ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. മണര്‍കാട് പഞ്ചായത്തംഗം രജിത അനീഷ് , മണര്‍കാട് ആര്‍.പി. എഫ് വി. എസ് അജയ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു. സ്ഥലം മാറി പോകുന്ന ഡോക്ടര്‍ക്ക് മൃഗസംരക്ഷണ ഓഫീസര്‍ പി. കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഫാമിന്റെ വാതിലില്‍ വരെ എത്തി ഡോക്ടര്‍ക്ക് യാത്ര അയപ്പ് നല്‍കി.
ബുക്കിങ്ങിന് 0481-2373710