/sathyam/media/media_files/2025/08/29/0469798d-f2f8-4cd6-b6ff-0458e1c4a4ae-2025-08-29-22-16-00.jpg)
കോട്ടയം: നെഹ്റു ട്രോഫി വള്ളംകളിക്കായി പുന്നമട തയാറടെുത്തു കഴിഞ്ഞു. ഇക്കുറി നെഹ്റു ട്രോഫിയില്‍ മുത്തമിടാനുള്ള ആവേശവുമായി കോട്ടയം ജില്ലയില്‍ നിന്നു നാലു ക്ലബുകളാണ് ഇത്തവണ പുന്നമടയിലെത്തുക. കഴിഞ്ഞ ഒരുമാസത്തിനു മുകളിലായി കഠിന പരിശീലനത്തിലായിരുന്നു ബോട്ട്ക്ലബുകള്‍. കുമരകം ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, ചങ്ങനാശേരി ബോട്ട് ക്ലബ് എന്നിവക്കു പുറമെ കുമരകത്തുനിന്ന് ഇമാനുവല്‍ എന്ന പുതിയ ക്ലബും മത്സരരംഗത്തുണ്ട്. കുമരകം എന്‍.സി.ഡി.സി ഇത്തവണയും മത്സരത്തിനില്ല.
ഓഗസ്റ്റ് 30 നാണു നെഹ്റു ട്രോഫി വള്ളംകളി. ചമ്പക്കുളം മൂലം വള്ളംകളിയില്‍ എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാമതെത്തിയ വിജയാവേശവുമായാണു കുമരകം ടൗണ്‍ ബോട്ട് ക്ലബ് പുന്നമടയിലെത്തുന്നത്. പായിപ്പാട് പുത്തന്‍ ചുണ്ടനിലാണു പോരാട്ടത്തിനിറങ്ങുക. 2010ലാണ് ക്ലബ് അവസാനമായി ട്രോഫി നേടുന്നത്.
കോട്ടയത്തിന് ആദ്യമായി നെഹ്റു ട്രോഫി സമ്മാനിച്ച കുമരകം ബോട്ട് ക്ലബ് 13 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വെള്ളംകുളങ്ങരയിലാണു പുന്നമടയിലിറങ്ങുക. സണ്ണി ജേക്കബിന്റെ നായകത്വത്തില്‍ വെള്ളംകുളങ്ങരയില്‍ തുഴഞ്ഞ് 2002 ല്‍ നെഹ്റു ട്രോഫി നേടിയിരുന്നു. ഏറ്റവുമധികം നെഹ്റു ട്രോഫി നേടിയ ക്ലബ്, രണ്ട് തവണ ഹാട്രിക് നേട്ടം കുറിച്ച് ജില്ലയുടെ അഭിമാനം എന്ന മുന്‍തൂക്കവുമുണ്ട്.
ചങ്ങനാശേരി ബോട്ട് ക്ലബ് രണ്ടാം തവണയാണ് നെഹ്റു ട്രോഫിയില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇത്തവണ ചമ്പക്കുളം ചുണ്ടനിലാണു മത്സരം. സണ്ണി ഇടിമണ്ണിക്കലാണു ക്യാപ്റ്റന്‍. നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കാന്‍ ഇത്തവണ പുത്തന്‍ ക്ലബായി കുമരകം ഇമാനുവല്‍ ക്ലബ്.
16 തവണയാണ് നെഹ്റു ട്രോഫി ജില്ലയിലേക്കെത്തിയിട്ടുള്ളത്. എല്ലാം കുമരകത്തെ ബോട്ട് ക്ലബുകള്‍ വഴി. കുമരകം ബോട്ട് ക്ലബ് ഏഴു തവണയും കുമരകം ടൗണ്‍ ബോട്ട് ക്ലബ് ആറു തവണയും കുമരകം വേമ്പനാട് ബോട്ട് ക്ലബ് രണ്ടു തവണയും മണിയാപറമ്പ് നവജീവന്‍ ബോട്ട് ക്ലബ് ഒരു തവണയും കിരീടം നേടി. 1971ല്‍ കുമരകം ബോട്ട് ക്ലബ് ആദ്യമായി നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്. തുടര്‍ന്ന് 72, 73, 82, 83, 84 വര്‍ഷങ്ങളില്‍ നെല്ലാണിക്കല്‍ പാപ്പച്ചന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് ഹാട്രിക്. രണ്ടാമത്തെ ഹാട്രിക് കാരിച്ചാലിലായിരുന്നു. 2002ല്‍ വെള്ളംകുളങ്ങരയിലായിരുന്നു അവസാന കിരീടം.
ആലപ്പാടന്‍ ചുണ്ടനിലിറങ്ങിയ കുമരകം ടൗണ്‍ ബോട്ട് ക്ലബ് 1999 ലാണ് ആദ്യമായി നെഹ്റു ട്രോഫി നേടിയത്. 2004 മുതല്‍ 2007 വരെ തുടര്‍ച്ചയായ നാലുവര്‍ഷവും കിരീടം വിട്ടുനല്‍കിയില്ല. 2009ല്‍ കൈവിട്ട കിരീടം 2010 ല്‍ ജവഹര്‍ തായങ്കരിയിലിറങ്ങി തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തായി. 2015, 2016 വര്‍ഷങ്ങളില്‍ ജെയിംസുകുട്ടി ജേക്കബിന്റെ നായകത്വത്തില്‍ ജവഹര്‍ തായങ്കരിയില്‍ മത്സരിച്ചാണു വേമ്പനാട് ബോട്ട് ക്ലബ് ട്രോഫി നേടിയത്. 2003ല്‍ കാരിച്ചാലില്‍ തുഴഞ്ഞാണു നവജീവന്‍ ബോട്ട് ക്ലബ് ട്രോഫി സ്വന്തമാക്കിയത്.