കോട്ടയം: സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്ന് സഹകരണം-ദേവസ്വം-തുറമുഖം മന്ത്രി വി.എൻ. വാസവൻ. ബോധവത്ക്കരണ പരിപാടികളിലൂടെ പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് കൂടുതലായി ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദ്വിദിന ശിൽപശാലയും ഫോട്ടോ പ്രദർശനവും ഏറ്റുമാനൂർ ക്രിസ്തുരാജ ചർച്ച് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫിസർ ഡോ. അർച്ചന ചന്ദ്രൻ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരിൻലാൽ എന്നിവർ പ്രസംഗിച്ചു.