ചിത്രശാലയായി കൊച്ചിയിലെ തെരുവോരങ്ങൾ; ജനശ്രദ്ധയാകർഷിച്ച് ബിനാലെയുടെ 'ഐലൻഡ് മ്യൂറൽ പ്രോജക്റ്റ്

New Update
3. The Tresspassers mural at Cube Art Spaces, Bazaar Road, Mattancherry
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിനോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ചുവരുകളിൽ കലാവസന്തമൊരുങ്ങുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടപ്പിലാക്കുന്ന 'ഐലൻഡ് മ്യൂറൽ പ്രോജക്റ്റ്'  പദ്ധതിയിലൂടെ അടച്ചിട്ട ഗാലറികളിൽ നിന്ന് കലയെ സാധാരണക്കാർക്കിടയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

5. Arvani Art Project Lead artists, from left Chandra, Prarthana, Varsha and Jyothi near their work in Women and Childrens Hospital, Bazaar Road, Mattancherry



ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പ്രധാന തെരുവുകളിലൂടെ നടന്നു പോകുന്ന ഏതൊരാൾക്കും ഇപ്പോൾ ഈ മനോഹരമായ ചുവർചിത്രങ്ങൾ കണ്ടാസ്വദിക്കാം.  കല എന്നത് എല്ലാവർക്കും പ്രാപ്യമാകണമെന്നും അത് ആ പ്രദേശത്തിന്റെ ചരിത്രത്തോടും ജീവിതത്തോടും ചേർന്നുനിൽക്കണമെന്നും കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി വ്യക്തമാക്കി. നമ്മുടെ കഥകളും ജീവിതവുമാണ് സമകാലീനകലാരൂപത്തില്‍ ലോകത്തിന് മുന്നിലേക്കെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിസ്റ്റ് പൂര്‍ണിമ സുകമാര്‍ സ്ഥാപിച്ച അറവാണി ആർട്ട് പ്രോജക്റ്റ്, ട്രെസ്പാസേഴ്സ് , ഓഷീൻ ശിവ, മുനീർ കബാനി തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരുടെയും കലാസംഘങ്ങളുടെയും ചിത്രങ്ങളാണ് ആദ്യഘട്ടത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. മട്ടാഞ്ചേരി ബസാർ റോഡിലെ  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ചുവരുകളിലാണ് അറവാണി ആർട്ട് പ്രോജക്റ്റിലെ കലാകാരന്മാർ തങ്ങളുടെ ജീവിതകഥകൾ നിറങ്ങളിലൂടെ പറയുന്നത്. ഭിന്നലിംഗ (ട്രാൻസ്‌ജെൻഡർ) വിഭാഗത്തിൽപ്പെട്ട ചന്ദ്രി, പ്രാർത്ഥന, വർഷ, ജ്യോതി എന്നിവർക്കൊപ്പം നന്ദിനി രാജാരാമനാഥൻ, മുരുഗൻ ഗോപി ചേർന്ന് വരയ്ക്കുന്ന ഈ ചിത്രങ്ങൾ തങ്ങളുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും അടയാളമാണെന്ന് ഇവർ പറഞ്ഞു.

സമൂഹത്തിൽ നേരിടുന്ന വിവേചനങ്ങളെ കലയിലൂടെ പ്രതിരോധിക്കുകയാണ് ഈ കൂട്ടായ്മ. ഭിന്നലിംഗക്കാരോടുള്ള വൃത്തികെട്ട നോട്ടവും ലൈംഗിതത്തൊഴിലിലേക്ക് നിര്‍ബന്ധിക്കുന്ന സാമൂഹിക സാഹചര്യവും ഈ സമൂഹത്തിന് മുന്നില്‍ രചനകളിലൂടെ തുറന്നു കാട്ടുകയാണെന്ന് പ്രാര്‍ഥന പറഞ്ഞു. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ്  ഈ കലാദൗത്യത്തിന് പിന്നിലുള്ളത്.

4. The Tresspassers members


മട്ടാഞ്ചേരി ബസാർ റോഡിലെ  ക്യൂബ് ആർട്ട് സ്പേസിൽ ട്രെസ്പാസേഴ്സ് എന്ന എട്ടംഗ യുവ കലാകാരന്മാരുടെ കൂട്ടായ്മയാണ് കൂറ്റൻ ചുവർചിത്രങ്ങൾ ഒരുക്കുന്നത്. വിഷ്ണുപ്രിയൻ കെ, അമ്പാടി കണ്ണൻ, ജിനിൽ മണികണ്ഠൻ, ബാഷർ യു.കെ, ശ്രീരാഗ് പി, അർജുൻ ഗോപി, ജതിൻ ഷാജി, പ്രണവ് പ്രഭാകരൻ എന്നിവരാണ് കൂട്ടായ്മയില്‍ ഉള്ളത്. കാലടി സംസ്കൃത സർവകലാശാലയിലെ പഠനകാലത്ത് രൂപപ്പെട്ട ഈ സൗഹൃദ സംഘം ചുറ്റുപാടുകളിൽ നിന്നുള്ള കാഴ്ചകളെയും അനുഭവങ്ങളെയും വ്യത്യസ്തമായ രീതിയിൽ ചുവരുകളിലേക്ക് പകർത്തിയിരിക്കുന്നു.

2. Osheen Siva at work on Palm Fibre wall, Fort Kochi



ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസിന് സമീപമുള്ള പാം ഫൈബർ ചുവരുകളിൽ തമിഴ്നാട്ടിൽ നിന്നുള്ള കലാകാരി ഓഷീൻ ശിവ തന്റെ ചിന്തകൾ വരച്ചുചേർക്കുന്നു. ജാതിവിവേചനത്തിനെതിരായ ആശയങ്ങളും ലിംഗസമത്വവും പ്രമേയമാക്കുന്ന ഇവരുടെ ചിത്രങ്ങൾ കമ്പ്യൂട്ടർ സ്ക്രീനുകളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് ഇത്തരം പൊതുഇടങ്ങളിലൂടെ സാധാരണക്കാരെ നേർക്കാഴ്ചയിലൂടെ സ്വാധീനിക്കണമെന്നും  ഇവർ വിശ്വസിക്കുന്നു.

ഫോർട്ട് കൊച്ചിയിലെ അർത്ഥശിലയുടെ ചുവരിൽ മുനീർ കബാനി ഒരുക്കിയിരിക്കുന്ന 'സ്നേഹം' (Love) എന്ന വാക്ക് നഗരത്തിന്  പോസിറ്റീവ് ഊർജ്ജമാണ് നൽകുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും സ്നേഹം എന്ന വാക്കിനെ മനോഹരമായ ചിത്രമാക്കി മാറ്റിയതിലൂടെ മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് അദ്ദേഹം വിവരിക്കുന്നത്.

1. Munir Kabani against the backdrop of his mural on Arthshila wall, Fort Kochi



ഫെബ്രുവരിയിൽ കൊൽക്കത്തയിൽ നിന്നുള്ള പ്രശസ്ത കലാകാരൻ പ്രദീപ് ദാസ് മട്ടാഞ്ചേരിയിലെ സിമി വെയർഹൗസ് ചുവരുകളിൽ രചന ആരംഭിക്കുന്നതോടെ പദ്ധതിയുടെ അടുത്ത ഘട്ടം തുടങ്ങും. 2026 മാർച്ച് 31 വരെ മനോഹരമായ ചുവർചിത്രങ്ങൾ  പൊതുജനങ്ങൾക്ക് മുന്നിലുണ്ടാകും.
Advertisment
Advertisment