ആകാശമിഠായി ചലഞ്ച് കാർണിവൽ 21, 22 തീയതികളിൽ കനകക്കുന്നിൽ

New Update
AKSHA MIDAYI

തിരുവനന്തപുരം: ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീം നടപ്പാക്കിയ ജീവിതോത്സവം ചലഞ്ച് പദ്ധതിയുടെ സംസ്ഥാനതല വിജയാഘോഷമായ ആകാശമിഠായി ചലഞ്ച് കാർണിവൽ ഒക്ടോബർ 21, 22 തീയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisment

21 ദിവസങ്ങളായി കേരളത്തിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾ ഏറ്റെടുത്തതാണ് ജീവിതോത്സവം ചലഞ്ച്. ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടന്ന ജീവിതോത്സവം ചലഞ്ചിന്റെ വിജയം സംസ്ഥാന തലത്തിൽ കാർണിവലായി ആഘോഷിക്കുകയാണ്. 


ഈ സംസ്ഥാനതല കാർണിവൽ ആഘോഷത്തിനു നൽകിയ പേര് ‘ആകാശമിഠായി’ എന്നാണ്. സമഭാവനയുള്ള വിശ്വപൗരനായ കുട്ടിക്ക് വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ കൃതിയിലൂടെ നൽകിയ പേരാണ് ‘ആകാശമിഠായി’.


ജീവിതോത്സവത്തിലെ ഓരോ ചെറിയ കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിച്ച കുട്ടിയെ ഇനിമുതൽ ‘ആകാശമിഠായി’ എന്നാണ് വിളിക്കേണ്ടത്. ഇനി മുതൽ ‘ആകാശമിഠായി ചലഞ്ച്’ എന്ന പേരിൽ 21 ദിവസത്തെ ഈ ജീവിത പരിശീലനം കുട്ടികൾക്ക് നൽകും. 

രാസലഹരി പോലുള്ള കെണികളിൽ നിന്നും അകന്ന് ജീവിതത്തിന്റെ യഥാർത്ഥ രസം കണ്ടെത്താനാണ് ഈ പദ്ധതി. എല്ലാ കുട്ടികളും ‘ആകാശമിഠായികളായി’ വിശാല മനസോടെയും മാധുര്യത്തോടെയും ജീവിക്കണം എന്നാണ് സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ആഗ്രഹിക്കുന്നത്. 

‘ആകാശമിഠായി ചലഞ്ച്’ രാജ്യത്തിനും ലോകത്തിനും മാതൃകയായ ഒരു വിദ്യാഭ്യാസ പരിപാടിയായി വളർത്താൻ സർക്കാർ മുന്നിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Advertisment