/sathyam/media/media_files/2025/03/19/hG6TbtCZLLoLwr2EO3V1.jpg)
തിരുവനന്തപുരം: മൃഗശാലയിലെ ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ പെൺ കാട്ടുപോത്തിന് ചുണ്ടുകളിൽ റീകൺസ്ട്രക്റ്റീവ് സർജറി നടത്തി.
12ന് രാവിലെയായിരുന്നു 2 ഇന്ത്യൻ കാട്ടുപോത്തുകൾ ഏറ്റുമുട്ടിയത്. പെൺ കാട്ടുപോത്തിന്റെ മേൽച്ചുണ്ട് കീറിപ്പോകുകയും കീഴ്ചുണ്ട് മോണയിൽനിന്ന് പൂർണമായും വേർപ്പെടുകയും ചെയ്തു.
മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ കാട്ടുപോത്തിനെ അടിയന്തരമായി പുനർനിർമാണ ശസ്ത്രക്രിയക്ക് (റീകൺസ്ട്രക്റ്റീവ് സർജറി) വിധേയമാക്കി.
3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ചുണ്ടുകളുടെ ഘടന വീണ്ടെടുക്കാനായെന്ന് ഡോ. നികേഷ് കിരൺ പറഞ്ഞു.ക്രമാതീതമായി എണ്ണം പെരുകുന്നത് തടയാനായി ആൺ–പെൺ കാട്ടുപോത്തുകളെ ഏറെക്കാലമായി പ്രത്യേകം കൂടുകളിലായാണ് പാർപ്പിച്ചിരുന്നത്.
എന്നാൽ, തൃശൂരിൽ വനംവകുപ്പിന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന മൃഗശാലയിലേക്ക് ഒരു ജോഡി കാട്ടുപോത്തുകളെ നൽകിയതിനെ തുടർന്ന് ഒരു ആൺ കാട്ടുപോത്തിനെ പ്രജനനത്തിനായി പെൺകൂട്ടിലേക്ക് മാറ്റി നിരീക്ഷിച്ച് വരികയായിരുന്നു.
പ്രത്യേക ഘടനയുള്ള ചുണ്ടുകളും നാവും ഉപയോഗിച്ചാണ് ഇവ ഭക്ഷണം കഴിക്കുന്നത്. ചുണ്ടുകൾക്ക് ഉണ്ടാകുന്ന പരിക്കുകൾ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് കുറഞ്ഞ് മരണത്തിലേക്ക് എത്തിക്കുമെന്നും ഡോക്ടർ പറഞ്ഞു.
ഡോ. ആൽബി ബി ബ്രൂസ്, ഡോ. കീർത്തന, ഡോ. അന്ന മാമച്ചൻ, ഡോ. ആനി ക്രൂസ്, ഡോ. പി ഭദ്ര, ഡോ. ലിയ ബാബു, ഡോ. അപർണ ഉത്തമൻ എന്നിവരും സംഘത്തിൽ ഉണ്ടായി.