/sathyam/media/media_files/2025/03/20/Lk4DRVO9bwSLCsnTTg6s.jpg)
തിരുവനന്തപുരം: ഇടവിട്ടുള്ള കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ തടയാൻ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം.
വീടിനത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാര ചെടികൾ വളർത്തുന്ന കുപ്പികൾ, എ സി, ഫ്രിഡ്ജ് എന്നിവയുടെ ട്രേയിൽ വെള്ളം കെട്ടികിടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം.
രോഗബാധിതർ സമ്പൂർണ വിശ്രമം എടുക്കേണ്ടതാണ്. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്.
ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിൽ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഈഡിസ് കൊതുകുകൾ പ്രജനനം നടത്തുന്നത് വീട്ടിനകത്തും പരിസരത്തുമാണ്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.
ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകകൾ മുട്ടയിട്ട് പെരുകും. ഒരു വർഷത്തോളം ഇവയുടെ മുട്ടകൾ കേടുകൂടാതെയിരിക്കും. ഈർപ്പം തട്ടിയാൽ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും.
മണിപ്ലാന്റും മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ കുപ്പിയിൽ വളർത്തുന്നുണ്ട് എങ്കിൽ അവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കൽ മാറ്റണം. ആഴ്ച തോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം.
ഇതിനായി വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം. കൊതുകു വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതോടൊപ്പം വ്യക്തിഗത സുരക്ഷാ മാർഗങ്ങളും സ്വീകരിക്കണം.