കൊല്ലം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെൻസറികൾ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കിയെന്നും ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വീണാ ജോർജ്.
കേരളത്തിലെ 100 ആയുഷ് കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷൻ ലഭിച്ചതിന്റെ വിതരണ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.
ഇതിന്റെ ഭാഗമായി കൊല്ലത്തെ എട്ട് ആയുഷ് കേന്ദ്രങ്ങൾക്ക് എൻ എ ബി എച്ച് അംഗീകാരം ലഭിച്ചു.
സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളായ ചവറ, കരുനാഗപ്പള്ളി, പെരിനാട്, കണ്ണനല്ലൂർ, പനയം, കരീപ്ര, ഹോമിയോ ഡിസ്‌പെൻസറികളായ ശാസ്താംകോട്ട, ചടയമംഗലം എന്നിവയ്ക്കാണ് അംഗീകാരം.
ആദ്യഘട്ടത്തിൽ ജില്ലയിലെ 12 ആയുഷ് കേന്ദ്രങ്ങൾ എൻ എ ബി എച്ച് അംഗീകാരം നേടിയിരുന്നു. ഇതോടുകൂടി എൻ എ ബി എച്ച് സർട്ടിഫിക്കേഷൻ ലഭിച്ച ജില്ലയിലെ ആയുഷ് കേന്ദ്രങ്ങൾ 20 ആയി.
ജീവിതശൈലി രോഗങ്ങൾക്കെതിരെ ആയുഷ്‌മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആരോഗ്യസംരക്ഷണരംഗത്ത് മേഖലയുടെ പങ്ക് വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.