റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണം: വി.കെ പ്രശാന്ത് എംഎല്‍എ

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
image(9)

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇതുവരെ 16 സ്ഥലങ്ങളില്‍ മരം വീണുവെന്നും റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി.കെ പ്രശാന്ത് എംഎല്‍എ. 

Advertisment

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മഴയ്ക്ക് മുമ്പ് തന്നെ മരച്ചില്ലകള്‍ മുറിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സിറ്റിയിലെ പ്രധാന റോഡുകളിലേയും മുട്ടട ജംഗ്ഷനിലേയും മരച്ചില്ലകള്‍ മുറിക്കണം. 


അപകടാവസ്ഥയിലുള്ള മരങ്ങളെ തരംതിരിക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ അലംഭാവം പാടില്ലെന്നും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റോഡരികില്‍ നില്‍ക്കുന്ന മഴമരങ്ങളാണ് കൂടുതല്‍ അപകടം സൃഷ്ടിക്കുന്നത്. ഇത്തരം മരങ്ങള്‍ റോഡിന്റെ വശങ്ങളില്‍ നടാന്‍ പാടില്ലെന്ന നിര്‍ദ്ദേശത്തോടൊപ്പം മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അനുമതി നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.


ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 


സ്‌കൂളുകളിലും അതിന് അടുത്തുള്ള കടകളിലുമായി 318 റെയ്ഡുകളാണ് നടത്തിയത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന നടപടിയെടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും എംഎല്‍എ പറഞ്ഞു.

അക്കമ്മ ചെറിയാന്‍ പാര്‍ക്കിന്റെ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം ഉണ്ടാക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ ഹോര്‍ഡിങ്ങുകള്‍ മറിഞ്ഞുവീഴുന്നത് പതിവാണ്. 


ഇതിന് സ്ഥിരതാ പരിശോധന നടത്തണം. സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവരുടെ ഹോര്‍ഡിങ്ങുകള്‍ നീക്കം ചെയ്യുന്നതിനും വി.കെ പ്രശാന്ത് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.


മേലേക്കടവ് ടൂറിസം പദ്ധതി, പട്ടം ഫ്‌ളൈ ഓവര്‍, പേരൂര്‍ക്കട മേല്‍പ്പാലം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.

അമ്പൂരി, കള്ളിക്കാട് വില്ലേജ് പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുചങ്ങല പ്രദേശത്തെ 1000ത്തിലധികം കുടുബങ്ങള്‍ക്ക് സര്‍വ്വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പട്ടയങ്ങള്‍ വിതരണം ചെയ്യണമെന്ന് സി.കെ ഹരീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Advertisment