എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടിൽ ശ്രീജിത്ത് എന്ന 23-കാരനെയാണ് എരുമപ്പെട്ടി ഇൻസ്പെക്ടർ റിജിൻ കെ. തോമസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ താമസക്കാരിയായ 14കാരിയെയാണ് ശ്രീജിത്ത് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയും കുടുംബവും കടങ്ങോട് പ്രദേശത്താണ് താമസിച്ചിരുന്നത്. പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ ഇയാൾ വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് പീഡിപ്പിച്ചത്.
സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ കെ. അനുദാസ്, പൊലീസ് ഓഫിസർമാരായ കെ. സഗുൺ, സജീവൻ, മുഹമ്മദ് സ്വാലിഹ്, ജയ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.