/sathyam/media/media_files/2025/03/26/230zMRsHJC3feBUGSyzf.jpg)
വയനാട്: വയനാട് ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അവതരിപ്പിച്ചു.
46.05 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയത് ഭവനനിർമ്മാണത്തിനാണ് 10.36 കോടി വിദ്യാഭ്യാസ മേഖലയ്ക്ക് 5.21 കോടിയും സ്ത്രീകൾക്കായുള്ള വിവിധ പദ്ധതികൾക്ക് 3.33 കോടിയും വകയിരുത്തിയിട്ടുണ്ട്.
കുട്ടികൾ, ഭിന്നശേഷിക്കാർ, വൃദ്ധർ, പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവക്കായി 3.33 കോടിയും വകയിരുത്തിയിട്ടുണ്ട്.
കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കായി 2.5 കോടിയും സാമൂഹികക്ഷേമത്തിനായി 2.43 കോടി, കുടിവെള്ള പദ്ധതികൾ ക്കായി 2.18 കോടിയും ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികൾക്കായി 2-18 കോടിയും വകയിരുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണം ക്ഷീര വികസനം എന്നിവയ്ക്കായി 2.65 കോടിയും വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ബജറ്റിൽ ഊന്നൽനൽകിയിട്ടുണ്ട്
പ്രധാനപ്പെട്ട ബജറ്റ് നിർദ്ദേശങ്ങൾ
ജില്ലയിലെ നെൽകൃഷി വികസനത്തിനും, കൂടുതൽ ആളുകളെ കൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിനും സ്ഥിരം കൃഷിക്ക് സബ്‌സിഡിക്കായി 2.5 കോടി രൂപ വകയിരുത്തി.
പ്രതിസന്ധി ഘട്ടങ്ങളിൽ വയനാടിനെ താങ്ങി നിർത്തിയ ക്ഷീര കർഷകരെ സഹായിക്കുന്നതിനായി ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി നൽകുന്നതിന് 2.31 കോടി. വകയിരുത്തുന്നു. ക്ഷീര സഹകരണ സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് ഇനത്തിൽ 10 ലക്ഷം
സംസ്ഥാനത്ത് ഏറെ പിന്നിൽത്തന്നെ നിൽക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ മേഖലയെ മുൻനിരയിലെത്തിക്കുന്നതിന് വിവിധ പദ്ധികളിലായി 5 കോടി 21 ലക്ഷം രൂപ.
വിജ്ഞാൻജ്യോതി, ഗോത്ര ദീപ്തി, ഉയരെ അരികെ, പ്രഭാത സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ, കമ്പ്യൂട്ടറുകൾ, മാലിന്യ നിർമ്മാർജ്ജനം, സ്‌കൂൾകെട്ടിടങ്ങളുടെ മെയിന്റനൻസ് തുടങ്ങിയവയും ഉൾപ്പെടുന്നു.
നൂതന പദ്ധതിയായി സാക്ഷരത ഡിഗ്രി തുല്യത പഠന പ്രോത്സാഹനം പദ്ധതിക്കായി 10 ലക്ഷം. സിക്കിൾസെൽ അനീമിയ രോഗ നിർണ്ണയത്തിനായി ടി.എസ്.പി ഫണ്ടിൽ 10 ലക്ഷം രൂപ.
വയനാട് ജില്ലാ പഞ്ചായത്തിൽനടപ്പിലാക്കി വരുന്ന ആയുർസ്പർശം കുട്ടികളുടെ വളർച്ച വൈകല്യ ചികിത്സാ പദ്ധതിയായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആയുർസ്പർശം നൂതന പദ്ധതിയായിട്ടാണ് ജില്ലയിൽ നടപ്പിലാക്കിയിട്ടുള്ളത്.
വയോജനങ്ങളുടെ ക്ഷേമത്തിനായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരെ മുഖ്യധാരയോട് ചേർത്തു നിർത്തുന്നതിനായി മോട്ടോറൈസ്ഡ് വീൽചെയർ നൽകുന്ന 'ശുഭയാത്ര' പദ്ധതിക്ക് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ്പ് ധനസഹായം നൽകുന്നതിന് 42 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 1.12 കോടി വകയിരുത്തി.
ഒപ്പം ശയ്യാവലംബരായ രോഗികൾക്ക് സാന്ത്വനം നൽകുന്നതിനായി പെയിൻ & പാലിയേറ്റീവ് പദ്ധതിയിൽ 1.40 കോടി മാറ്റി വെച്ചു.
ബേബികെയർ നവജാത ശിശുക്കളുടെ അരിവാൾരോഗ നിർണയം നടത്തുന്നതിന് 11 ലക്ഷം രൂപ എച്ച്.ഐ.വി രോഗികൾക്കായി പോഷകാഹാര കിറ്റ് നൽകുന്നതിനായി 20 ലക്ഷം രൂപ.
കുട്ടികളിലെ വിവിധ വളർച്ച വൈകല്യങ്ങളാൽ ഉണ്ടാകുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, പെരുമാറ്റ വൈകല്യങ്ങൾ, കേൾവിക്കുറവ് തുടങ്ങിയ അസുഖങ്ങൾക്ക് ആയുർവ്വേദ ചികിത്സയും അനുബന്ധ തെറാപ്പികളും സമന്വയിപ്പിച്ച്‌കൊണ്ട് നടപ്പിലാക്കുന്ന 'ആയുസ്പർശം' ചികിത്സാ പദ്ധതിക്ക് കെട്ടിട നിർമ്മാണം അനുബന്ധ സൗകര്യങ്ങൾക്ക് എൻ.എ.എം 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കുഴിനിലത്തുള്ള ഒരേക്കർ സ്ഥലം പദ്ധതിക്ക് വിട്ടു നൽകി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. താൽക്കാലികമായി കേണിച്ചിറയിലുള്ള ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തിൽ ആരംഭിച്ച ആയുസ്പർശം ചികിത്സാ പദ്ധതിക്ക് ബജറ്റ് വർഷം 30 ലക്ഷം രൂപ മാറ്റിവെക്കും.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്കായി 10 ലക്ഷം. ജില്ലയിൽവർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് നടത്തുന്ന എ.ബി.സി പദ്ധതിക്ക് 10 ലക്ഷം. എസ്.പി.സി ക്ക് ബാന്റ് സെറ്റ്-സർക്കാർ അനുമതി ലഭ്യമായ സർക്കാർ സ്‌കൂളുകളിലെ എസ്.പി.സി യൂണിറ്റിന് ബാന്റ് സെറ്റ് നൽകൽ പദ്ധതിക്ക് 15 ലക്ഷം.
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി എന്ന പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠന മുറിക്കായി 21 ലക്ഷം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ, സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു