ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേയ്ക്ക് ഒരു കോടിയോളം അനുവദിച്ച് ടൂറിസം വകുപ്പ്

New Update
muhammed riyas tourisam

കോഴിക്കോട് :  ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേ നിർമ്മാണത്തിനായി 99,95,000 രൂപ  ടൂറിസം വകുപ്പ് അനുവദിച്ചു.  ചാലിയാർ പുഴയുടെ തീരത്തുകൂടി, ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലാണ് നിർദ്ദിഷ്ട നടപ്പാത നിർമ്മിക്കുന്നത്.

പ്രദേശത്തെ ടൂറിസം സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഫറോക്ക് പഴയപാലം ടൂറിസം കേന്ദ്രമായി മാറ്റിയതിൽ ആവേശകരമായ പ്രതികരണമാണ് സഞ്ചാരികളിൽ നിന്നുണ്ടായത് എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള നടപ്പാത കോഴിക്കോട് നഗരത്തോട് ചേർന്ന് കിടക്കുന്ന ഏറ്റവും മികച്ച ടൂറിസം ആകർഷണമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഭരണാനുമതി ലഭിച്ച തീയതി മുതൽ ആറ് മാസത്തിനകം പദ്ധതി പൂർത്തിയാക്കണം.

ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഫറൂഖ് പഴയ പാലത്തിനും പിഡബ്ല്യുഡി റസ്റ്റ് ഹൗസിനും ഇടയിലായി വാക്ക് വേ നിർമ്മിക്കുന്നതിനാണ് പദ്ധതി. ഫറൂഖ് പഴയപാലവും പരിസരവും പുതിയപാലത്തിനു സമീപമുള്ള റിവര്‍ വേൾഡ് പാര്‍ക്കും  പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പരിസരവും കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

പുതിയ പാലത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന റിവർ വേൾഡ് പാർക്കിൽ നിലവിൽ ചാലിയാർ പുഴയ്ക്ക് കുറുകെ കേബിൾ കാർ, സിപ്പ് ലൈൻ തുടങ്ങിയ അഡ്വഞ്ചർ ആക്ടിവിറ്റികളും,സാഹസിക വിനോദങ്ങള്‍, ബോട്ടിങ് സൗകര്യം, കുട്ടികളുടെ പാർക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഫറൂഖ് പഴയ പാലത്തിന് സമീപം സ്ഥാപിച്ച വി പാര്‍ക്കിന് സമീപമായി ഫുഡ് സ്ട്രീറ്റ്, ഫ്ലോട്ടിങ് ബോട്ട് ജെട്ടി തുടങ്ങിയവയുമുണ്ട്. ചാലിയാറിലെ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) നടക്കുന്ന സ്ഥലത്താണ് പുതിയ വാക്ക് വേ എന്നതിനാല്‍ പദ്ധതി ടൂറിസം വികസനത്തിനു മുതല്‍ക്കൂട്ടാകും.

Advertisment
Advertisment