അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

New Update
traffic block (1).jpg

മലപ്പുറം: അങ്ങാടിപ്പുറത്ത് വർഷങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് സ്വതന്ത്ര സഞ്ചാരം, ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള അവകാശം എന്നിവ ഗുരുതരമായി ബാധിക്കപ്പെടുന്നു.

Advertisment

അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായാൽ അടിയന്തിരമായി ചികിത്സ ലഭ്യമാകാതെ ജീവഹാനിക്ക് കാരണമാകുന്നു എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ.  

സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്നും അതിനെ തടസ്സപ്പെടുത്തുന്ന സാഹചര്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ വിശദീകരിച്ചു.

കഴിഞ്ഞ മാസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച്ച തിരൂർ പിഡബ്ലുഡി റസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ കമ്മീഷൻ്റെ ക്യാമ്പ് സിറ്റിംഗിൽ  ഈ വിഷയം പരിഗണിക്കുകയും പരാതിക്കാരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു.

രൂക്ഷമായ ഗതാഗതക്കുരുക്കിന്  പരിഹാരമായ ഓരോടംപാലം–മാനത്തുമംഗലം ബൈപ്പാസിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വർഷങ്ങളായി നിലച്ചിരിക്കുകയാണ്. പദ്ധതി പൂർത്തീകരിക്കപ്പെടാത്തതിനാൽ നാട്ടുകാർക്ക് ഗുരുതരമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. റെയിൽവേയ്ക്ക് അടയ്ക്കേണ്ട തുക നൽകിയിട്ടും പദ്ധതിയിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ലെന്നും വെൽഫെയർ പാർട്ടി നേതാക്കൾ കമ്മീഷന് മുന്നിൽ വിശദീകരിച്ചു.

കമ്മീഷൻ്റെ ആവശ്യപ്രകാരം ജില്ലാ കലക്ടർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ നൽകിയ  വിശദീകരണം രേഖാമൂലം പരാതിക്കാർക്ക് നൽകി. എന്നാൽ ബന്ധപ്പെട്ട അധികാരികൾ നൽകിയ വിശദീകരണം  തൃപ്തികരമല്ലെന്നും പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾക്ക് തന്നെ ബലം നൽകുന്നതാണെന്നും ആരിഫ് ചുണ്ടയിൽ പറഞ്ഞു.
Advertisment