ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഉപയോക്താവിന്റെ സമ്മതമില്ലാതെ റദ്ദ് ചെയ്തു; ട്രാവൽ ഏജൻസിയ്ക്ക് അൻപതിനായിരം രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

New Update
consumer protection kottayam1.jpg

കോട്ടയം: ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഉപയോക്താവിന്റെ സമ്മതമില്ലാതെ   റദ്ദാക്കുകയും അധികതുക ആവശ്യപ്പെടുകയും ചെയ്ത ട്രാവൽ ഏജൻസിയ്ക്ക് നഷ്ടപരിഹാരം വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.

Advertisment

കോട്ടയം കളത്തൂർ സ്വദേശിയായ മാത്യു സെബാസ്റ്റ്യൻ പീടിയേക്കൽ നൽകിയ പരാതിയിലാണ് ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ലിയർ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് അൻപതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ  കമ്മിഷൻ ഉത്തരവിട്ടത്. 


ട്രാവൽ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായതു സേവനത്തിന്റെ അപര്യാപ്തതയും അന്യായമായ വ്യാപാര സമ്പ്രദായവുമാണെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ കണ്ടെത്തി.


 കൊച്ചിയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കാണ്് മാത്യു സെബാസ്റ്റ്യൻ 10,584 രൂപ നിരക്കിൽ ക്ലിയർ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.

ബുക്ക് ചെയ്ത് അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ ബുക്കിംഗ് സ്ഥിരീകരിച്ചതായി വാട്‌സാപ്പിലൂടെ സന്ദേശം ലഭിക്കുകയും ഇ-മെയിൽ വഴി ഇ-ടിക്കറ്റ് അയയ്ക്കുകയും ചെയ്തു. എന്നാൽ,  ഒരു മണിക്കൂറിന്  ശേഷം ട്രാവൽ ഏജൻസിയിൽനിന്ന് ടിക്കറ്റ് നിരക്ക് വർധിച്ചതായും ബുക്കിംഗ് റദ്ദാക്കുകയാണെന്നും അറിയിപ്പ് ലഭിച്ചു.  


ബുക്കിംഗ് റദ്ദാക്കരുതെന്ന് ഉപഭോക്താവ് അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ  സമ്മതമോ അറിവോ കൂടാതെ വിമാന ടിക്കറ്റിന് റദ്ദാക്കുകയും  മുഴുവൻ നിരക്കും ട്രാവൽ ഏജൻസി തിരികെ നൽകുകയും ചെയ്തു. ഇതേത്തുടർന്ന്, മറ്റൊരു ട്രാവൽ ഏജൻസിയിൽ നിന്ന് 13,948 രൂപ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. 


ട്രാവൽ ഏജൻസിയുടെ ഭാഗത്ത് നിന്ന് ഉപയോക്താവിനുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത്  അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ  നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

Advertisment