കിഴക്കമ്പലം : കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്വൻ്റി20യുടെ പ്രതിഷേധ ചങ്ങല മനുഷ്യ മതിലായി മാറി.
കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിട്ട് നാലു വർഷം കഴിഞ്ഞിരിക്കുന്നു. പൂർണ്ണമായും PWDയുടെ ഉടമസ്ഥതയിൽ പെട്ട ഈ റോഡിൽ കിഴക്കമ്പലം പഞ്ചായത്തിന് യാതൊരു അധികാരവുമില്ല എന്നിരിക്കെ ഈ വസ്തുത മറച്ചുവച്ചുകൊണ്ട് ട്വൻ്റി20 ഭരണം മോശമാണെന്ന് വരുത്തി തീർക്കാനാണ് സ്ഥലം എം.എൽ.എയുടെയും സി.പി.എംൻ്റെയും ആസൂത്രിത ശ്രമം. ഇതിനെതിരെയാണ്
ട്വൻ്റി20 പാർട്ടി കിഴക്കമ്പലം മുതൽ തൈക്കാവ് വരെ മൂന്നര കിലോമീറ്റർ മനുഷ്യ മതിൽ സൃഷ്ടിച്ചത്.
കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് ടാറിങ് എടുത്തിരിക്കുന്ന കരാറുകാരൻ പലതവണ മെഷീനറികൾ ഇറക്കുകയും റോഡ് ബ്ലോക്ക് ചെയ്യുന്നതിനായി പത്രത്തിൽ പരസ്യങ്ങൾ കൊടുത്തും പണി തുടങ്ങാൻ ഇരിക്കുമ്പോൾ എം.എൽ.എയുടെ നിർദ്ദേശപ്രകാരം പണി തടസ്സപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് കരാറുകാരൻ കോടതിയെ സമീപിക്കുകയും നാല് പ്രാവശ്യം കോടതി നിർദ്ദേശം കൊടുത്തിട്ടും അധികാരത്തിന്റെ ധാർഷ്ട്യത്തിൽ കരാറുകാരനെ ജോലി ചെയ്യുവാൻ എം.എൽ.എ അനുവദിച്ചില്ല.
കിഴക്കമ്പലത്ത് പൂക്കാട്ടുപടി ചെമ്പറക്കി PWD റോഡിൻ്റെ കാര്യത്തിലും ഇത് തന്നെയായിരുന്ന അവസ്ഥ. കരാറുകാരനെ കൊണ്ട് റോഡ് വർക്ക് ചെയ്യാൻ അനുവദിക്കാതെ സിപിഎം പാർട്ടിക്കാർ തടസ്സം നിൽക്കുകയായിരുന്നു. അവസാനം കോടതി നേരിട്ട് കമ്മീഷനെ നിയോഗിച്ച് വർക്ക് പൂർത്തിയാക്കാൻ വേണ്ടിയുള്ള കർശന നിർദേശം നൽകിയാണ് റോഡ് പണി പൂർത്തിയാക്കാൻ കരാറുകാരന് സാധിച്ചത്.
കിഴക്കമ്പലം പഞ്ചായത്തിന്റെ കീഴിലുള്ള 540 റോഡുകൾ എല്ലാം തന്നെ BMBC നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചിട്ടുള്ളതാണ് എന്നാൽ പഞ്ചായത്തിലുള്ള PWD റോഡുകൾ നന്നാക്കാതെ ഇരിക്കുകയെന്നുള്ളത് എം.എൽ.എയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ആവശ്യമാണ്. പഞ്ചായത്തിലെ PWD റോഡുകളിൽ യാതൊരുവർക്കും ചെയ്യാതെ സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ ഇടുകയും അത് ട്വൻ്റി20 പഞ്ചായത്തിന്റെ തലയിൽ കെട്ടിവച്ച് ഭരണം മോശമാണെന്ന് വരുത്തി തീർക്കാനുള്ള എം.എൽ.എ യുടെയും സിപിഎമ്മിൻ്റെയും ഗൂഡലോചനയാണ് ഇതിൻ്റെ പിന്നിൽ.
സിപിഎമ്മിനും എംഎൽഎയ്ക്കും വേണ്ടപ്പെട്ട കരാറുകാരനെ കൊണ്ടുവന്ന് അതിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള ഒരു ശ്രമം കൂടി ഈ റോഡ് നന്നാക്കാത്തതിൻ്റെ പിന്നിലുണ്ട്.
പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം ജേക്കബ്, വൈസ് പ്രസിഡൻ്റ് വി ഗോപകുമാർ , സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ ,ബോർഡ് മെമ്പർ ആഗസ്റ്റിൻ ആന്റണി,ബിജോയ് ഫിലിപ്പോസ്,നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം, വൈസ് പ്രസിഡന്റ് ദീപക് രാജൻ തുടങ്ങിയവർ പ്രതിഷേധ മനുഷ്യ ചങ്ങലക്ക് നേതൃത്വം നൽകി.