/sathyam/media/media_files/2026/01/21/983f19ef-5116-4090-a351-77de4284aca5-2026-01-21-15-40-57.jpg)
മണ്ണയ്ക്കനാട്: പ്രാദേശിക ജൈവവൈവിധ്യവും പരമ്പരാഗത അറിവുകളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന ലക്ഷ്യത്തോടെ മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ‘ഊരറിവ്’ ജൈവവൈവിധ്യ ബോധവൽക്കരണ മേളയ്ക്ക് തുടക്കമായി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB), സംസ്ഥാന കൃഷി വകുപ്പ്, മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂൾ എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
മണ്ണയ്ക്കനാട് ഗവ. യു.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ജൈവവൈവിധ്യ പരമ്പരാഗത അറിവുകൾ, പുരാവസ്തുക്കൾ, ജൈവകൃഷി ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും നാടൻ ഭക്ഷ്യമേളയും ഉൾപ്പെടുത്തി ഒരുക്കിയ മേള പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയമായി.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു അധ്യക്ഷത വഹിച്ചു. ജൈവകൃഷി – സ്‌കൂൾ പച്ചക്കറിത്തോട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജിൻലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബെൽജി ഇമ്മാനുവൽ, പഞ്ചായത്ത് അംഗങ്ങളായ തുളസിദാസ്, ജോസ് മോൻ ജേക്കബ്, ബിനീഷ് ഭാസ്കർ, ജൈവവൈവിധ്യ വിദഗ്ധർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ അംഗവും സഫലം സെക്രട്ടറിയുമായ അബ്ദുള്ള ഖാൻ മുഖ്യാതിഥിയായിരുന്നു.
മേളയുടെ രണ്ടാം ദിനമായ ജനുവരി 22-ന് രാവിലെ 10 മണിക്ക്, കർഷക അവാർഡ് ജേതാവ് റോബിൻ കല്ലോലിയിലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും. തുടർന്ന് വിവിധ ബോധവൽക്കരണ ക്ലാസുകളും സംവാദങ്ങളും നടക്കും.
ജൈവകൃഷി, പച്ചക്കറിത്തോട്ടം, നാടൻ വിഭവങ്ങൾ, പരമ്പരാഗത ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുക്കിയ പ്രദർശന മേളയിൽ വിദ്യാർത്ഥികളും കർഷകരും ഉൾപ്പെടെ ധാരാളം പൊതുജനങ്ങൾ പങ്കെടുക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും ശക്തമായി ഉയർത്തിപ്പിടിക്കുന്ന ‘ഊരറിവ്’ മേള വേറിട്ട അനുഭവമാണെന്ന് നാട്ടുകാരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
പൂർവ്വ വിദ്യാർത്ഥികളുടെയും നിലവിലെ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായ പരിപാടിക്ക് ഹെഡ്മാസ്റ്റർ വിജിത് കുമാറിന്റെയും സഹഅധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഊരറിവ് നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us