വസന്തോല്‍സവം  2025 ന് സമാപനം

മത്സരവിജയികള്‍ക്ക് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ സമ്മാനം വിതരണം ചെയ്തു

New Update
Pic
തിരുവനന്തപുരംനഗരത്തിലെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്തൊരുക്കിയ വസന്തോല്‍സവത്തിന് സമാപനം. കനകക്കുന്നില്‍  12 ദിനരാത്രങ്ങള്‍ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകളിലേക്ക് ലക്ഷക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
Advertisment

ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) സംയുക്തമായി സംഘടിപ്പിച്ച വസന്തോല്‍സവത്തിലെ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ നിര്‍വഹിച്ചു.

കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സമാപന ചടങ്ങില്‍ ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ജെഎന്‍ടിബിജിആര്‍) മുന്‍ ശാസ്ത്രജ്ഞനായ ഡോ. എം. സലിം, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) അജീഷ് കുമാര്‍ .ആര്‍ എന്നിവര്‍ പങ്കെടുത്തു.

കാഴ്ചക്കാരായെത്തുന്ന ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നതിലൂടെ ഓരോ വര്‍ഷം കഴിയുംതോറും വസന്തോല്‍സവം കൂടുതല്‍ മികച്ചതും വിപുലവുമാകുന്നതായി ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

പ്രകൃതിയോടും സസ്യജാലങ്ങളോടും അഭിനിവേശമുള്ള ആളുകളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് വസന്തോല്‍സവത്തിന്‍റെ  വന്‍വിജയം. സ്വകാര്യ നഴ്സറികള്‍, വ്യക്തികള്‍, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും പരിശ്രമവും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നെും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍  24 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് വസന്തോല്‍സവം ഉദ്ഘാടനം ചെയ്തത്. വസന്തോല്‍സവത്തിന്‍റെ ആദ്യ ദിനം മുതലുള്ള ജനപങ്കാളിത്തം ശ്രദ്ധേയമാണ്. നഗരവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ പുതുവത്സരാഘോഷ ദിനത്തിലും വലിയ വര്‍ധനവുണ്ടായി.

'വസന്തോത്സവം-2025' നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂഷന്‍ വിഭാഗത്തില്‍  648 പോയിന്‍റ് നേടി ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളയാണി അഗ്രികള്‍ച്ചര്‍ കോളേജ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.  497 പോയിന്‍റ് നേടി മ്യൂസിയം ആന്‍ഡ് സൂ രണ്ടാം സ്ഥാനത്തും  182 പോയിന്‍റ്  നേടിയ കേരള ലെജിസ്ലേറ്റര്‍ സെക്രട്ടറിയേറ്റ് മൂന്നാം സ്ഥാനത്തും എത്തി.

വ്യക്തിഗത വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലിസി ജോസഫിനാണ്.  വി. മനു മോഹന്‍ രണ്ടാം സ്ഥാനവും മോഹനന്‍ നായര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൊമേഴ്സ്യല്‍ വിഭാഗത്തില്‍  ജയകുമാര്‍ (കുമാര്‍ നഴ്സറി, കൊല്ലം) ഒന്നാം സ്ഥാനത്ത് എത്തി. വൈശാഖ് (ആക്കുളം ഗ്രീന്‍ വാലി, ആക്കുളം) രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊച്ചുത്രേസി ജോസഫ് (ക്ലെയര്‍ ഓര്‍ക്കിഡ്സ്,  മാധവപുരം) മൂന്നാം സ്ഥാനവും നേടി.

വ്യത്യസ്തവും അപൂര്‍വ്വവുമായ പൂക്കളുടെ ശേഖരം മേളയെ ആകര്‍ഷകമാക്കി. ഈ വര്‍ഷത്തെ പുഷ്പോത്സവം ക്യൂറേറ് ചെയ്തത് പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആണ്. മത്സര വിഭാഗത്തിലെചെടികള്‍ ഉള്‍പ്പെടെ 50,000 ത്തിലധികം പൂച്ചെടികളും ഇത്തവണ പ്രദര്‍ശിപ്പിച്ചു. വിവിധ നഴ്സറികളുടെ സ്റ്റാളുകളില്‍ നിന്ന് ചെടികള്‍ വാങ്ങാനുള്ള അവസരവും ലഭ്യമാക്കി.

വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തില്‍ ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. 'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി' എന്ന ആശയത്തിലാണ് ഇത് ഒരുക്കിയത്. ഇതിന്‍റെ  ഭാഗമായുള്ള ലൈറ്റ് ഷോയും വിസ്മയക്കാഴ്ചയായി. വ്യത്യസ്ത മേഖലകളിലൂടെ സന്ദര്‍ശകരെ നയിക്കുന്ന സവിശേഷമായ ലൈറ്റിംഗ് ശൈലികള്‍ ഉള്‍ക്കൊള്ളുന്ന നടവഴികളും സംവേദനാത്മക പാതകളും പ്രദര്‍ശനത്തിന്‍റെ ഭാഗമായിരുന്നു.
Advertisment