New Update
/sathyam/media/media_files/2025/09/28/cbl-ktm-1-2025-09-28-17-41-39.jpeg)
കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ രണ്ടാം മത്സരം നടന്ന കോട്ടയം താഴത്തങ്ങാടിയില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ (3:18:080 മിനിറ്റ്) വിജയിച്ചു.
പുഴയറിഞ്ഞ് തുഴയെറിയുക എന്ന വള്ളംകളിയുടെ പ്രാഥമിക പാഠം പൂര്‍ണമായും മനസിലിരുത്തിയാണ് വീയപുരം ചുണ്ടന്‍ താഴത്തങ്ങാടിയിലെ മത്സരത്തിനിറങ്ങിയതെന്നു തോന്നിക്കും വിധമായിരുന്നു ഫൈനല്‍ മത്സരം.
പുഴയറിഞ്ഞ് തുഴയെറിയുക എന്ന വള്ളംകളിയുടെ പ്രാഥമിക പാഠം പൂര്‍ണമായും മനസിലിരുത്തിയാണ് വീയപുരം ചുണ്ടന്‍ താഴത്തങ്ങാടിയിലെ മത്സരത്തിനിറങ്ങിയതെന്നു തോന്നിക്കും വിധമായിരുന്നു ഫൈനല്‍ മത്സരം.
കൈനകരിയില്‍ പതിഞ്ഞ് തുടങ്ങിയെങ്കില്‍ താഴത്തങ്ങാടിയില്‍ മത്സരത്തിന്‍റെ ഒരവസരത്തില്‍ പോലും വില്ലേജ് ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടന്‍ വിട്ടു കൊടുത്തില്ല. പള്ളാത്തുരുത്തി ബോട്ട ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്) കിണഞ്ഞു പരിശ്രമിച്ചെങ്കിലും രണ്ടാം സ്ഥാനം (3:18:280 മിനിറ്റ്) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെറും 20 മൈക്രോസെക്കന്‍ഡ് ലീഡോടെ വീയപുരം ഫിനിഷ് ചെയ്യുകയായിരുന്നു.
കൈനകരിയിലെ ആദ്യ മത്സരത്തിലും വീയപുരം ചുണ്ടന്‍ തന്നെയാണ് വിജയിച്ചത്.
കൈനകരിയില്‍ ഏഴാമതെത്തിയ നടുഭാഗം ചുണ്ടന്‍ (പുന്നമട ബോട്ട് ക്ലബ്-റിപ്പിള്‍ ബ്രേക്കേഴ്സ്) ഇക്കുറി ഹീറ്റ്സിലെ അമ്പരപ്പിക്കുന്ന പ്രകടനത്തോടെ ഫൈനല്‍ പ്രവേശനം നേടി മൂന്നാമതെത്തി (3:19:673 മിനിറ്റ്).
നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ്-സൂപ്പര്‍ ഓര്‍സ്) നാല്, നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്-ചുണ്ടന്‍ വാരിയേഴ്സ്) അഞ്ച്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-ബാക്ക് വാട്ടേഴ്സ് വാരിയേഴ്സ്) ആറ്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി-തണ്ടര്‍ ഓര്‍സ്) ഏഴ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്-ബാക്ക് വാട്ടര്‍ ഷാര്‍ക്ക്സ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്-വേവ് ഗ്ലൈഡേഴ്സ്) ഒമ്പത് എന്നിങ്ങനെയാണ് താഴത്തങ്ങാടിയിലെ ഫൈനല്‍ നില.
ദേവസ്വം- സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ താഴത്തങ്ങാടിയിലെ മത്സരങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എം എല്‍ എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, ഡെ. ഡയറക്ടറും സിബിഎല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ ഡോ. അന്‍സാര്‍ കെ എ എസ്, കോട്ടയം ഡെ. ഡയറക്ടര്‍ റൂബി ജേക്കബ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗിരീഷ് പി എസ്, സിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ധര്‍മ്മടം (കണ്ണൂര്‍, ഒക്ടോബര്‍ രണ്ട്), പിറവം(ഒക്ടോബര്‍ 4), ബേപ്പൂര്‍ (കോഴിക്കോട് ഒക്ടോബര്‍ 12), മറൈന്‍ ഡ്രൈവ് (എറണാകുളം, ഒക്ടോബര്‍ 17), ചെറുവത്തൂര്‍ (കാസര്‍കോട്, ഒക്ടോബര്‍ 19), കോട്ടപ്പുറം (തൃശ്ശൂര്‍, ഒക്ടോബര്‍ 25), പുളിങ്കുന്ന് (നവംബര്‍ 1), കരുവാറ്റ(നവംബര്‍ 8) പാണ്ടനാട്(നവംബര്‍ 15) കായംകുളം(നവംബര്‍ 22, ആലപ്പുഴ),കല്ലട (കൊല്ലം, നവംബര്‍ 29), കൊല്ലം പ്രസിഡന്‍റ്സ് ട്രോഫി(ഡിസംബര്‍ 6) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.
Advertisment