ഒക്കൽ സഹകരണബാങ്കിലും തണ്ണിമത്തൻ ദിനങ്ങൾ !

New Update
Watermelon

പെരുമ്പാവൂർ: കാർഷികമേഖലയിലും വിജയഗാഥ രചിച്ച് ഒക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഒന്നാം നിരക്കാരായി. തണ്ണിമത്തൻ കൃഷിയിലെ മികവാണ് ഇത്തവണ വിളവെടുപ്പിലൂടെ ബാങ്ക് തെളിയിച്ചത്.

Advertisment

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും, ഒക്കൽ കൃഷിഭവന്റെയും സംയുക്തസഹകരണത്തോടെ നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് തണ്ണിമത്തൻ കൃഷി നടത്തിയത്. ബാങ്ക് പ്രസിഡന്റ്‌ തങ്കച്ചൻ പി. ജെ. അദ്ധ്യക്ഷനായ ചടങ്ങിൽ  ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി കപ്രക്കാട്ട് വീട്ടിൽ ബിനുവാണ് തന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലം കൃഷിക്കായി വിട്ടു നൽകിയത്.

Watermelon155

ശാസ്ത്രീയമായി കൃഷിയിടം തയ്യാറാക്കി അടിവളങ്ങളും ജൈവ വളങ്ങളും നൽകിയ ശേഷം ഡ്രിപ്പ് ഇറിഗേഷൻ സമ്പ്രദായത്തിലൂടെ വെള്ളവും വളവും നൽകുകയും പ്ലാസ്റ്റിക്ക് പുതയിടീലും നടത്തിയാണ് തണ്ണിമത്തൻ കൃഷി വിജയിപ്പിച്ചെടുത്തത്.  വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുന്ന വളങ്ങളാണ് കൃഷിക്കായുപയോഗിച്ചത്.

ഇത്തരത്തിൽ നൽകുന്നതിലൂടെ പോഷക മൂലകങ്ങൾ നേരിട്ട് വേരു പടലങ്ങളിൽ എത്തുകയും ചെടി അവ കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് ബാങ്ക് ഭരണസമിതിയംഗങ്ങൾപറഞ്ഞു. ഡ്രിപ്പ് ഇറിഗേഷൻ നനയിലൂടെ ആവശ്യമായ വെള്ളം കൃത്യമായ അളവിൽ നൽകാനും ജലം ലാഭിക്കാനും ഇതിലൂടെ സാധിച്ചു.  

Watermelon159

ഈ രീതിയിലൂടെ ഉല്പാദനം പരമ്പരാഗത രീതിയെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികമായി വർദ്ധിപ്പിക്കാനും സാധിച്ചു. ഹൈബ്രിഡ് ഇനത്തിൽപെട്ട യെല്ലോ മഞ്ച്, കിരൺ, ജൂബിലി  എന്നീ വിവിധ ഇനം തണ്ണിമത്തനാണ് വിളവെടുത്തത്. വിളവെടുത്തവ പെരുമ്പാവൂർ എ.എം. റോഡിനു സമീപത്തെ ബാങ്ക് നിയന്ത്രണത്തിലുള്ള കോ - ഓപ്പ് മാർട്ടിലും, എം.സി. റോഡിനു സമീപം ഒക്കലിൽ ബാങ്കിന്റെ പരിസരത്തുള്ള പച്ചക്കറി സ്റ്റാളിലും ലഭ്യമാണ്.

Advertisment