ഹരിതചട്ടം പാലിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണം: ഇടുക്കി ജില്ലാ കളക്ടർ

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഹരിത ചട്ടം പാലിക്കുന്നതിനായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന എല്ലാത്തരം ബാനറുകൾ, ബോർഡുകൾ ഹോർഡിംഗുകൾ എന്നിവ പ്രചാരണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കണം.

New Update
581808715_1503092041386629_4015261736847425609_n-560x416

ഇടുക്കി: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം തദ്ദേശസ്ഥാപന പൊതു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. 

Advertisment

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഹരിത ചട്ടം പാലിക്കുന്നതിനായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന എല്ലാത്തരം ബാനറുകൾ, ബോർഡുകൾ ഹോർഡിംഗുകൾ എന്നിവ പ്രചാരണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കണം.

പകരം 100% കോട്ടൺ തുണി, പേപ്പർ, ചണം, തടി/ലോഹം, പോളിഎത്തിലിൻ നിർമ്മിതമായ ബോർഡുകൾ, പൂർണ്ണമായും പ്രകൃതി സൗഹൃദ ഉല്പന്നങ്ങളാൽ നിർമ്മിതമായ ബോർഡുകൾ (മുള, ഈറ, പനമ്പായ, പാള മുതലായവ ) ഉപയോഗിക്കേണ്ടതാണ്. 

അലങ്കാരത്തിന് തുണി/പേപ്പർ തോരണങ്ങൾ, തുണിയിൽ എഴുതിയ ആർച്ചുകൾ, പോളിഎത്തിലിൻ പ്രിന്റുകൾ, പൂക്കളിലുള്ള ഹാരങ്ങൾ, പുസ്തകങ്ങൾ, കുടുംബശ്രീ ബഡ്സ് സ്കൂൾ ഉല്പന്നങ്ങൾ, പുനരുപയോഗസാധ്യമായ ഉല്പന്നങ്ങൾ എന്നിവ ഉപയോഗിക്കാം. 

ഭക്ഷണ പാനീയ വിതരണത്തിനായി നിരോധിത ഡിസ്പോസബിൾ തെർമോകോൾ. സ്റ്റെരോഫോം, പേപ്പർ പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസ്സുകൾ മുതലായവ കർശനമായി ഒഴിവാക്കിയും ഹരിത തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പൂർണ്ണമായും സഹകരിക്കണം.

പ്രകൃതി സൗഹൃദമായ ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമാവുന്നതിലൂടെ പരിസ്ഥിതിയോടും വരും തലമുറയോടുമുള്ള ഉത്തരവാദിത്വം കൂടിയാണ് നിറവേറ്റപ്പെടുന്നത്. 

കക്ഷി രാഷ്ട്രീയ ഭേദമന്യേ മാതൃകാപരമായി നമ്മുടെ ജില്ലയിൽ ഹരിത തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ജില്ലാകളക്ടർ ദിനേശൻ ചെറുവാട്ട് അഭ്യർത്ഥിച്ചു.

Advertisment